ഡി സി കിഴക്കെമുറിയുടെ പത്നിയും ഡിസി മാനേജിങ് ഡയറക്ടറുമായിരുന്ന പൊന്നമ്മ ഡീസി (90) അന്തരിച്ചു. രണ്ടു പതിറ്റാണ്ടോളം ഡി സി ബുക്സിൻ്റെ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചിരുന്നു. തിരുവല്ല ബാലികാമഠം സ്കൂളിലെ അധ്യാപികയായിരുന്നു. 1963 ആഗസ്റ്റ് 26 നാണ് ഡി സി കിഴക്കെമുറിയെ വിവാഹം കഴിക്കുന്നത്. 1974 ൽ ഡി സി കിഴക്കെമുറി ഡി സി ബുക്സ് ആരംഭിച്ച സമയത്ത് നേതൃത്വപരമായ പങ്കാളിത്തം വഹിച്ചത് പൊന്നമ്മ ഡീസിയായിരുന്നു.
തകഴി, ബഷീർ, സി ജെ തോമസ് തുടങ്ങി ആദ്യകാല എഴുത്തുകാരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന പൊന്നമ്മ ഡീസി സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായിരുന്നു. ഡി സി കിഴക്കെമുറിക്ക് ലഭിച്ച പത്മഭൂഷൻ ബഹുമതി രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്ന് ഏറ്റുവാങ്ങിയത് പൊന്നമ്മ ഡീസിയായിരുന്നു.
