മനുഷ്യന്റെ ചിന്തകള്‍ക്കും കഴിവുകള്‍ക്കും പകരമാവാന്‍ എഐക്ക് കഴിയില്ലെന്ന് നടന്‍ പ്രകാശ് രാജ്. കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചിന്തിക്കുവാനും അത് എളുപ്പത്തില്‍ പ്രായോഗികമാക്കാനും മനുഷ്യനെ സഹായിക്കുകയാണ് സാങ്കേതിക വിദ്യ ചെയ്യുന്നത്. മുത്തുപാണ്ടിക്ക് (ഗില്ലിയിലെ കഥാപാത്രം) പകരമാകാന്‍ എഐക്ക് കഴിയുമോ എന്ന് ചോദിച്ച പ്രകാശ് രാജ് സാങ്കേതിക വിദ്യയെ ക്രിയാത്മകമായി ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. ഡിസിഎസ്മാറ്റ് വാഗമണ്‍ സംഘടിപ്പിച്ച ലൂമിനന്‍സ് 2025 എന്ന പരിപാടിയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫോണില്‍ എത്രസമയം നിങ്ങള്‍ വെറുതെ പാഴാക്കുന്നുവെന്ന് ചിന്തിച്ചു നോക്കൂ. മറ്റുള്ളവര്‍ നിങ്ങളുടെ സൗന്ദര്യത്തെ എങ്ങനെ വിലയിരുത്തുന്നു എന്നോര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുന്നു. ഒരു അപരിചിതന്‍ നിങ്ങളുടെ പടം ലൈക്ക് ചെയ്താല്‍ നിങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമേ അല്ലാത്ത ഒരു അപരിചിതന്‍ ഡിസ്‍ലൈക്ക് ചെയ്താല്‍ സങ്കടപ്പെടുന്നു. ചിന്തിച്ചു നോക്കൂ, ഓരോ മനുഷ്യരും മനോഹരമാണ്, ഓരോ വ്യക്തിയും എത്ര മനോഹരമായി ചിന്തിക്കുന്നു. അതിനാല്‍ തന്നെ നിങ്ങളുടെ ചിന്തകളുടെ മൂര്‍ച്ച കൂട്ടൂ. സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കൂ. നിങ്ങള്‍ നിങ്ങളെ തന്നെ ആഘോഷിക്കൂ. അതിന് സഹായകരമായ രീതിയില്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുകയാണ് വേണ്ടത്. അല്ലാതെ സാങ്കേതിക വിദ്യയ്ക്ക് ഇരയാവുകയല്ല വേണ്ടത് - പ്രകാശ് രാജ് വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു.
ഏത് ഭാഷയില്‍ എഴുതുന്നതാണ് നല്ലത് എന്ന വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഇന്നത്തെ കാലത്ത് ഭാഷ ഒരു തടസമല്ലെന്നും എഴുതുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള ഭാഷയില്‍ എഴുതാമെന്നും പ്രകാശ് രാജ് മറുപടി നല്‍കി. ഏത് ഭാഷയിലാണോ എഴുതുന്ന ആള്‍ക്ക് മനോഹരമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയുന്നത് ആ ഭാഷ തിരഞ്ഞെടുക്കുക..എന്താണോ എഴുതാന്‍ തോന്നുന്നത് അത് സത്യസന്ധമായി എഴുതുക. സ്വന്തം വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ നോക്കി കാണുക. വ്യത്യസ്തമായി ചിന്തിക്കുക. സ്വയം വിശ്വസിക്കുക. ഇഷ്ടമുള്ള ഭാഷയില്‍ എഴുതുക. ഏത് ഭാഷയിലേക്കും എഴുത്തിനെ മൊഴിമാറ്റാനുള്ള സാധ്യത ഇന്നുണ്ട് എന്നും പ്രകാശ് രാജ് പറഞ്ഞു.
