എ.അയ്യപ്പന്‍ കവിതാപുരസ്കാരം പി.എ. നാസിമുദ്ദീന്

News

എ.അയ്യപ്പന്‍ കവിതാപുരസ്കാരം പി.എ. നാസിമുദ്ദീന്


ലയാളത്തിന്‍റെ പ്രിയകവി എ. അയ്യപ്പന്‍റെ ഓര്‍മ്മയ്ക്കായി അയനം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പതിനാലമത് അയനം - എ. അയ്യപ്പന്‍ കവിതാപുരസ്കാരത്തിന് പി.എ. നാസിമുദ്ദീൻ തിരഞ്ഞെടുക്കപ്പെട്ടു. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച 'ദൈവത്തിനൊപ്പം ഒരു പിക്നിക് 'എന്ന കവിതാസമാഹാരമാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. പി.എൻ. ഗോപീകൃഷ്ണൻ ചെയര്‍മാനും ശൈലൻ, സുബീഷ് തെക്കൂട്ട് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര നിർണ്ണയം നടത്തിയത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം.

അനാഥമായിപ്പോയ കവിത, പള്ളിക്കൽ ബസാർ, അരളിമരവും തുമ്പിയും, ഒരാൾ ഒരിടം രണ്ടു യാത്ര, ഉന്മാദിയുടെ സെൽഫ് പോർട്രെയിറ്റ്, ദൈവത്തിനൊപ്പം ഒരു പിക്നിക് തുടങ്ങിയ 60 കവിതകൾ ഉൾപ്പെടുന്നതാണ് 'ദൈവത്തിനൊപ്പം ഒരു പിക്നിക് ' എന്ന കവിതാസമാഹാരം.

2026 മാർച്ച് 8 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൊടുങ്ങല്ലൂർ ബോസ് ബാൻഡ് സ്റ്റുഡിയോ ഹാളിൽ നടക്കുന്ന 'ഞാറോത്തെ പറമ്പിലെ തെങ്ങ് പറയുന്നത് ' എന്ന ചടങ്ങില്‍ വെച്ച് കെ.ജി. ശങ്കരപ്പിള്ള പുരസ്കാരം സമ്മാനിക്കുമെന്ന് അയനം ചെയർമാൻ വിജേഷ് എടക്കുന്നി, കൺവീനർ പി.വി. ഉണ്ണികൃഷ്ണൻ എന്നിവർ അറിയിച്ചു.


Related Articles