വിന്‍ഡോ സീറ്റ്

Memoir

വിന്‍ഡോ സീറ്റ്


കാലവര്‍ഷം അത്യാവശ്യം തകര്‍ത്തു പെയ്യുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരം. ഇറങ്ങാന്‍ അല്പം വൈകിയതു കാരണം ഓഫീസില്‍ നിന്നിറങ്ങിയ ഉടന്‍ കിട്ടിയ ഒരു ഓട്ടോയില്‍ നേരെ എറണാകുളം നോര്‍ത്ത് റയില്‍വേ സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു. വൈകിട്ട് തിരുവനന്തപുരത്തേക്കുള്ള വേണാട് പിടിക്കുകയാണ് ലക്ഷ്യം. ആവശ്യം അറിയിച്ചപ്പോള്‍ തിരക്കേറിയ എംജി റോഡില്‍ കൂടി രജനി സ്‌റ്റൈലില്‍ ഓട്ടോ എങ്ങനെയൊക്കെയോ പറപ്പിച്ച്, ട്രെയിന്‍ പുറപ്പെടും മുന്‍പേ തന്നെ എന്നെ ആ ഓട്ടോ ചേട്ടന്‍ റെയില്‍വേ സ്റ്റേഷനില്‍ വിജയകരമായി കൊണ്ടെത്തിച്ചു.

അവിടെ നിന്നും തിരക്കിട്ട് പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി നടന്നു. പ്ലാറ്റ്‌ഫോമില്‍ ചെന്നു കയറിയപ്പോള്‍ അവിടം ജനസാഗരമായിരുന്നു. ഭാഗ്യം, ട്രെയിന്‍ എത്തിയിരുന്നില്ല. ഒരുപാട് 'ആനേ കീ സംഭാവന'കള്‍ക്കു ശേഷം ട്രെയിന്‍ വന്നു നിന്നു. വേണാട് എക്‌സ്പ്രസിലെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ഈ കഥ നടക്കുന്നത്. പുറത്ത് മഴ ആയതുകൊണ്ടും പിറ്റേന്ന് രണ്ടാം ശനിയാഴ്ച ആയതുകൊണ്ടും റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റ് ആയിട്ടു പോലും കാലു കുത്താനുള്ള സ്ഥലം പോലും ഇല്ലാത്ത അവസ്ഥ. ആരെയൊക്കെയോ ചവിട്ടി മറിച്ച് ഒരു വിധം ഞാന്‍ എന്റെ സീറ്റില്‍ ഇടം പിടിച്ചു.

നാട്ടിലേക്കുള്ള യാത്രകളില്‍ വിന്‍ഡോസീറ്റ് പ്രത്യേകം ബുക്ക് ചെയ്താണ് കുറച്ചു നാളുകളായുള്ള എന്റെ യാത്രകള്‍. അതിനൊരു കാരണം കൂടിയുണ്ട്. മുമ്പ് പലപ്പോഴും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭൂരിഭാഗം യാത്രയിലും കിട്ടിയിരുന്നത് മിഡില്‍ സീറ്റുകളായിരുന്നു. അതില്‍ ഒന്ന് സുഖമായി ഇരിക്കണം എങ്കില്‍ വല്ല ജിംനേഷ്യത്തിലും പോയി നെഞ്ചൊക്കെ വിരിയിച്ചിട്ടുവേണം യാത്ര ചെയ്യാന്‍. ഇടതു വശത്തും വലതു വശത്തും നെഞ്ചും വിരിച്ചിരിക്കുന്നവരുടെ ധാരണ നടുവില്‍ ഇരിക്കുന്ന ഞാന്‍ എന്തോ സൗജന്യ യാത്ര ചെയ്യുന്നു എന്നാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. നടുവില്‍ ഇരിക്കുന്ന എന്നെ നാരങ്ങാഞെക്കിയിലെ നാരങ്ങായെ വെല്ലുന്ന രീതിയില്‍ ഞെരിച്ചമര്‍ത്തിവിട്ട എത്രയോ യാത്രകള്‍.


Related Articles