അത്ര ദുഷ്ടന്മാരല്ലലോ ഫ്രഞ്ച്കാര് എന്ന് തോന്നിപ്പിച്ച 'മയ്യഴി', ആ മയ്യഴിയിലൂടെ മുകുന്ദനൊപ്പം...

Memoir

അത്ര ദുഷ്ടന്മാരല്ലലോ ഫ്രഞ്ച്കാര് എന്ന് തോന്നിപ്പിച്ച 'മയ്യഴി', ആ മയ്യഴിയിലൂടെ മുകുന്ദനൊപ്പം...


കുട്ടിക്കാലത്തെ വേനലവധിക്ക് അകലെ നാട്ടിൽ നിന്നും കൂട്ടുകാരുടെ വീട്ടിലേക്കു ഒരു ബന്ധുവായ ഒരു ചേട്ടനോ ചേച്ചിയോ ഒക്കെ വരും. എനിക്കങ്ങനെ വരാൻ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാവിലെ തന്നെ കൂട്ടുകാരുടെ വീട്ടിൽ ഹാജർ വച്ച് വൈകുന്നേരം വരെ ഞാനും അവരെ ചുറ്റിപറ്റും, അവരുടെ പ്രിയപ്പെട്ടവനാകാൻ ശ്രമിക്കും. പിന്നെയുള്ള രണ്ടു മാസം പുള്ളിയായിരിക്കും നേതാവ്. പുള്ളിയുടെ നാടും കൂട്ടുകാരുമെല്ലാം നിറഞ്ഞ കഥകളും ഒരിക്കലും കണ്ടിട്ടില്ലാത്ത ആ നാടും നാട്ടുകാരും ഉത്സവങ്ങളുമെല്ലാം ഭാവനയിൽ നിറയും. രാത്രി അവർ പറഞ്ഞിരുന്ന പ്രേതകഥകളും എനിക്ക് അന്യമായിരുന്നു. പിറ്റേന്ന് ആ അനുഭവങ്ങൾ പങ്കിട്ടു അവർ ചിരിക്കുമ്പോൾ കുഞ്ഞു മനസ്സ് വല്ലാതെ ആഗ്രഹിച്ചിരുന്നു, ഒരു ചേട്ടൻ വന്നിരുന്നേൽ കുറെ കഥകൾ പറഞ്ഞിരുന്നേൽ...

ആ കാലഘട്ടത്തിലാണ് ലൈബ്രറി പടികൾ കയറിയത്. പതുക്കെ കുറച്ചു കാലത്തിനു ശേഷം എം മുകുന്ദൻ കൈകളിലേക്കെത്തുന്നു. മയ്യഴി പുഴയുടെ തീരങ്ങളാണ് ആദ്യമായി വായിക്കുന്നത്. ഗംഗാധരൻ സാർ പഠിപ്പിച്ച ദുഷ്ടന്മാരല്ലലോ ഫ്രഞ്ച്കാര് എന്ന് തോന്നി. എവിടെയായിരിക്കും ഈ വെള്ളിയാങ്കല്ല് എന്നൊക്കെ ആലോചിച്ചു നടന്നു. രണ്ടു തുമ്പികൾ ഒന്നിച്ചു പറക്കുന്നത് കണ്ടാൽ ദാസനും ചന്ദ്രികയും അല്ലെ എന്ന് ശങ്കിച്ചു. ഒരിക്കൽ അപ്പുറത്തെ ചേച്ചിയും അനിയൻ ബെന്നിയും കല്ലെടുപ്പിക്കാൻ പിടിച്ചു നൂലുകൊണ്ട് കെട്ടിയിട്ട തുമ്പിയെ സാഹസികമായി മോചിപ്പിച്ചു കൊണ്ട് ഞാൻ ദാസൻ്റെ പ്രണയത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടിരുന്നു. എന്തിനാ തുമ്പിയെ അഴിച്ചു വിട്ടത് എന്നതിന് മയ്യഴിയിലെ തുമ്പികളെ വച്ച് ഒരു കഥ പറഞ്ഞു. ആകാംഷയോടെ കഥ കേട്ടിരുന്ന അവരും അവർ പറഞ്ഞറിഞ്ഞു ആ കഥ കേൾക്കാൻ വീണ്ടും കൂട്ടുകാർ വന്നതും എനിക്കും കഥ പറഞ്ഞു തരാനും ആ കഥകൾ മറ്റുള്ളവരോട് പറഞ്ഞു ആളാവാനും ഒരു ഏട്ടനെ കിട്ടി എന്ന സന്തോഷം ആണ് നൽകിയത്.

ആ സമയത്ത് ലൈബ്രറിയിൽ കിടന്ന ഏതോ വാരികയിൽ എം മുകുന്ദനുമായുള്ള അഭിമുഖത്തിൽ അദ്ദേഹത്തെ മുകുന്ദേട്ടൻ എന്ന് വിശേഷിപ്പിച്ചിരുന്നു. അന്ന് നാവിൻ തുമ്പിൽ കയറിയ പ്രയോഗം ആണ് മുകുന്ദേട്ടൻ. അതെ എനിക്ക് കഥകൾ പറഞ്ഞു തരാൻ ദേശങ്ങൾ ചുറ്റി വരാറുള്ള ഏട്ടനായി മാറി മുകുന്ദേട്ടൻ. അന്ന് മുതൽ ഇന്ന് വരെ പ്രിയപ്പെട്ട എഴുത്തുകാരൻ ആരെന്നതിനു എനിക്ക് മറ്റൊരു ഉത്തരമോ ഉത്തരം ചിന്തിക്കാൻ സമയമോ ആവശ്യം ഇല്ലായിരുന്നു. അത് കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് ദൂരദർശനിൽ ദൈവത്തിൻ്റെ വികൃതികൾ എന്ന സിനിമ കാണുന്നത്, കഥ, തിരക്കഥ എം മുകുന്ദൻ. അമ്മൂമ്മേ മുകുന്ദേട്ടൻ എന്ന് പറഞ്ഞു ബഹളം വച്ചതിനു മിണ്ടാതിരുന്നു കണ്ടില്ലെങ്കിൽ ടിവി ഓഫ് ചെയ്യും എന്ന ഭീഷണിയായിരുന്നു.


Related Articles