ഈ അവധിക്കാലത്ത് ഞാന്‍ പഠിച്ച എന്റെ വീടിന്റെ തൊട്ടടുത്തു തന്നെ തല ഉയര്‍ത്തി നില്‍ക്കുന്ന സ്‌കൂളില്‍ ഒരിക്കല്‍ കൂടി പോയിരുന്നു. ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മവരമ്പുകളിലൂടെ ഒന്ന് പിന്തിരിഞ്ഞു നടന്നാല്‍ മനസ്സ് ചെന്ന് വഴിമുട്ടി നില്‍ക്കുക ഈ ക്ലാസ്സ് മുറികളിലാകും!
കാലം ഓര്‍മകളില്‍ മഞ്ഞു തുള്ളികള്‍ പോലെ മറവി ഇറ്റിച്ച് വീഴ്ത്തുന്നുവെങ്കിലും, കൗതുകത്തിന്റെ കണ്ണാന്തളിര്‍ വിടരുന്ന കണ്ണുകള്‍ കൊണ്ട് ഞാന്‍ ഇവിടെ അക്ഷരപ്പിച്ചവച്ച് നടന്ന കാലങ്ങള്‍ എങ്ങനെ മറക്കുവാന്‍ കഴിയും?
വേരുകള്‍ പിണഞ്ഞ് ചില്ലകള്‍ വിടര്‍ത്തി പ്രണയിക്കുന്ന മരങ്ങള്‍ ഇപ്പോഴുമുണ്ട് സ്‌കൂള്‍ മുറ്റം നിറയെ. ആരവമൊഴിഞ്ഞ ക്ലാസ്സ് മുറികള്‍. ഈ ക്ലാസ്സ്മുറി വരാന്തകളാണ് എന്റെ കുട്ടിത്തത്തിന് പണ്ട് കാല്‍പ്പനികത പകര്‍ന്നത്. ഈ കറുത്ത ചുമരിടത്തില്‍ വരഞ്ഞ വെളുത്തു വടിവൊത്ത അക്ഷരങ്ങളായാണ് എന്റെ മനസ്സില്‍ കവിത കടന്നു വന്നത്.
