മേഘങ്ങളുടെ താഴ്‌വരയില്‍, കാഞ്ചന്‍ജംഗ-യുടെ കുതിരകള്‍ കയറുന്ന മലഞ്ചെരുവുകളില്‍, പ്രകൃതിയെ തീര്‍ത്ഥമായി കണക്കാക്കി ഒരു ജനത ശാന്തമായി ജീവിക്കുന്നു. അവരാണ് ലെപ് ച! മൗനത്തിന്റെ സംഗീതം പോലെ നില നില്‍ക്കുന്നവര്‍, പ്രകൃതിയുടെ കാവ്യ ഭാവമാണ് അവര്‍. സ്വയം വിളിപ്പേര് -റോംഗ് (കാട്ടിനകത്തുള്ള ആത്മാക്കള്‍). ഇവര്‍ ഒരിക്കലും മലകള്‍ കീഴടക്കിയിട്ടില്ല, പ്രകൃതിയെ നോവിച്ചിട്ടില്ല, നദിയെ മലിനമാക്കിയിട്ടില്ല, പകരം പര്‍വ്വതങ്ങള്‍ക്കും, നദികള്‍ക്കും ദേഹമായി, കാനനത്തിന്റെ ഗാനമായി, ആത്മാവിന്റെ രാഗമായി ഇവര്‍ ഇപ്പോഴും പ്രകൃതി ദേവിയെ ഉപാസിക്കുകയാണ്. സിക്കിമിലെ യാത്രയില്‍ ഇവരെ തേടിയും ഒരു തീര്‍ത്ഥാടനം നടത്തി-സോംഗുവിലേക്ക്.
കാഞ്ചന്‍ജംഗ യുടെ പ്രദേശത്തുള്ള മായന്‍ ല്യാങ് എന്ന ഐതിഹാസിക ഭൂമികയില്‍ ജന്മംകൊണ്ടവരാണ് ലെപ്ച ജനത എന്നതാണ് അവരുടെ വിശ്വാസം. പ്രകൃതിയോട് ആഴത്തില്‍ ബന്ധം പുലര്‍ത്തുന്ന ലെപ്ചകള്‍ ഭൂട്ടിയാന്മാരെ പോലെ, നേപ്പാളിയരെ പോലെ തന്നെ സിക്കിമില്‍ കാണപ്പെടുന്ന മറ്റൊരു വിഭാഗക്കാരാണെങ്കിലും ഇവര്‍ ഇവിടുത്തെ സംരക്ഷിത ഗോത്ര വര്‍ഗ്ഗ വിഭാഗമാണ് എന്നതാണ് പ്രധാന പ്രത്യേകത. ലെപ്ച എന്ന നാമം ഇവരുടെ ഗോത്രവര്‍ഗ്ഗത്തിന്റേത് മാത്രമല്ല അവരുടെ തനതായ ഭാഷയും ലെപ്ച എന്നു തന്നെയാണ് അറിയപ്പെടുന്നതെങ്കിലും അവര്‍ അവരെ വിളിക്കുന്നത് പോലെ 'റോംഗ്' എന്ന് തന്നെയാണ് ഭാഷയേയും വിളിക്കുന്നത്. ജനതയുടെയും ഭാഷയുടെയും വിളിപ്പേര് ഒന്നായ സമൂഹമാണിവര്‍.
ഇവരെ തേടി, ലെപ്ച പാരമ്പര്യത്തെയും , സംസ്‌കാരത്തെയും സംരക്ഷിച്ചു പോരുന്ന സിക്കിമ്മിലെ പ്രധാന കേന്ദ്രമായ, അവരുടെ ഭൗതിക വാസസ്ഥലമായ, അവരുടെ ജീവിതം പച്ചയായി വരച്ചുകാട്ടുന്ന സോംഗുവില്‍, അങ്ങനെ നീണ്ട ഒരു യാത്രയ്ക്ക് ഒടുവില്‍ ഒരു രാത്രി ഞങ്ങള്‍ എത്തിച്ചേര്‍ന്നു. യാത്രകളോട് പ്രണയമുള്ള ഓരോ നാടിന്റെയും ആത്മാവ് തേടി നടക്കുന്ന കുറച്ച് മനുഷ്യര്‍ അങ്ങനെ പുതിയ കഥകള്‍ക്കായി സോംഗുവിലെത്തി.
