അകമഴിഞ്ഞ ആട്ടം പുറമറിഞ്ഞ നോട്ടം

Memoir

അകമഴിഞ്ഞ ആട്ടം പുറമറിഞ്ഞ നോട്ടം


പീറ്റർ ബ്രുഗേൽ ദ എൽഡർ എന്ന നോർതേൺ യൂറോപ്യൻ മാസ്റ്റർ എങ്ങനെയാണ് എന്റെ ചിത്രങ്ങളിൽ കടന്നുവന്നത്? അയാളും ഞാനുമായുള്ള, ആർട്ഹിസ്റ്ററിക്കു നിരക്കാത്ത ഒരവിഹിത ബന്ധമായിരുന്നു എന്നെ വിദ്യാർത്ഥിനിയിൽനിന്ന് ചിത്രകാരിയിലേക്കുള്ള പരിണാമത്തിനു പ്രേരിപ്പിച്ചത്. മാസ്റ്റർ ഓഫ് ഫൈൻ ആർട്സ് ഒരു മാസ്റ്റർക്കൊപ്പംതന്നെ ചെയ്യുക, കോഴ്സ് കഴിയുമ്പോൾ ബ്രേക്അപ് ആവുക എന്നിങ്ങനെ വളരെ നാടകീയമായി ഞാനതു നിർവഹിച്ചു. കാരണം വാക്കുകളെ അക്ഷരാർത്ഥത്തിൽ എടുത്തു പ്രയോഗിച്ച് ചിത്രങ്ങളാക്കിയ ചെപ്പടിവിദ്യക്കാരനാണ് മാസ്റ്റർ. തല കൊണ്ടുചെന്ന് ചുവരിലിടിപ്പിച്ച് Bang one's head against the wall എങ്ങനെ എന്നു കാണിച്ചു തരുന്ന വിദ്വാൻ. നിശ്ചലതയിൽ നാടകം ആടിക്കുന്ന ചിത്രകാരൻ.

ഒരു പ്രേമബന്ധത്തിന് നിലവിൽ ജീവിച്ചിരിക്കുന്ന ഏതെങ്കിലും കലാകാരന്മാരേക്കാൾ സ്വീകാര്യം എനിക്കു മരിച്ചുപോയൊരാളായിരുന്നു. കലയുടെയും ബുദ്ധിയുടെയും കുത്തക–അതു കലാകാരന്മാരുടേതായിരുന്നു. കലയുടെ തൃക്കോവിലിലേക്കു സ്ത്രീകൾക്കു പ്രവേശിക്കണമെങ്കിൽ ഒരുകാലത്ത് ഒരു കലാകാരന്റെ സഹായം വേണ്ടിയിരുന്നു. ആ സഹായം കലാകാരന്റെ അടുക്കളയിലും ശിശുപരിപാലനത്തിലും തീർന്നുപോവാനുള്ള സാധ്യതയും കൂടുതലായിരുന്നു. അനേകം സാംസ്കാരിക കുതുകികൾ വന്നുചേരുന്ന ആയിടത്തിൽ ചോറും കറിയുംവച്ച്, എച്ചിൽപാത്രങ്ങൾ കഴുകി കലയുടെ ലോകത്തിനോട് എവ്വിധമെങ്കിലും ചേർന്നുനിൽക്കാൻ ശ്രമിച്ച ഒരുപാട് മലയാളി കലാകാരികളുണ്ട്. എനിക്കാ രീതിയോട് നേരിയ വിരോധംപോലുമില്ല. വഴികളില്ലാതിരുന്ന ഒരു ലോകത്ത് പുതുതായി വഴികൾ വെട്ടുകയെന്ന കഠിനാദ്ധ്വാനം നടത്തിയ കലാപകാരികളായിട്ടേ ഞാനവരെ കാണൂ. വരേണ്യരായ ജീവികൾക്കുമാത്രം സാധ്യമായിരുന്ന ഒരു കലാജീവിതം തിരിച്ചുപിടിക്കാനിറങ്ങിത്തിരിച്ച ഓരോ മനുഷ്യരോടുമുണ്ട് എനിക്കാ ബഹുമാനം.

പതിനാറാം നൂറ്റാണ്ടിൽ മരിച്ചുപോയ ഒരു മാസ്റ്റർ എനിക്കു യോജിക്കുന്നവനാണെന്നതിൽ ഒരു തർക്കവും എനിക്കു തോന്നിയില്ല. അതൊരു കണ്ടുപിടിത്തമായിരുന്നു.


Related Articles