ജോൺ ഏബ്രഹാമിനെ അറിയാത്തവർ കേരളത്തിൽ ചുരുക്കമാണ്. മരിച്ച് മുപ്പത്തിമൂന്നു വർഷം കഴിഞ്ഞിട്ടും ഇല്ലാത്തതും ഉള്ളതുമായ കഥകൾ, ഞങ്ങൾ രാജൻ എന്നു വിളിച്ചിരുന്ന ജോണിനെക്കുറിച്ച് ഇപ്പോഴും വായിക്കുവാൻ ഇടയാകുന്നുണ്ട്. ഇന്നും കുറച്ചുപേരുടെയെങ്കിലും മനസ്സിൽ ആ പേര് മങ്ങാതെ തങ്ങിനില്ക്കുന്നു എന്നോർക്കുമ്പോൾ സന്തോഷം തോന്നുന്നു.
രാജൻ ഞങ്ങൾക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു, വാശിയും നിർബന്ധവും ഒന്നും ഇല്ലാത്ത, നല്ല ബുദ്ധിയും വിവേകവുമുള്ള ശാന്തശീലനായ മനുഷ്യൻ.
രാജൻ വളർന്നു വലുതാകുമ്പോൾ കുടുംബത്തിന് താങ്ങായി ഒരു മനുഷ്യായുസ്സ് മുഴുവനും ജീവിച്ചുതീർക്കുമെന്ന് ഞങ്ങൾക്ക് വലിയ പ്രതീക്ഷയായിരുന്നു. പക്ഷേ, അതെല്ലാം പാടെ തകിടം മറിച്ചുകൊണ്ട് പറക്കമുറ്റാൻ തുടങ്ങിയപ്പോഴേ യവനികയ്ക്ക് പിന്നിലേക്ക് മറഞ്ഞു. നാല്പത്തിഒൻപതാം വയസ്സിൽ യാത്രയായി. ആ മുറിവ് അണഞ്ഞുപോകാത്ത ഒരു കനലായി ഞങ്ങളുടെ ഹൃദയങ്ങളിൽ ഇന്നും അവശേഷിക്കുന്നു.
കേരളത്തിന്റെ നെല്ലറ എന്ന് അറിയപ്പെടുന്ന കുട്ടനാട്ടിലെ ചേന്നങ്കരി എന്ന ഗ്രാമത്തിൽ പമ്പാനദിയുടെ തീരത്തുള്ള പടവുപുരയ്ക്കൽ വാഴക്കാട്ട് എന്ന തറവാട്ടിൽ (ഓലമേഞ്ഞ നാലുകെട്ടായിരുന്നു വീട്) വി.ടി ഏബ്രഹാമിന്റെയും കോട്ടയം അടിമത്ര വീട്ടിൽ സാറാമ്മയുടെയും അഞ്ചുമക്കളിൽ നാലാമനായി 1939 ആഗസ്റ്റ് 10 -ാം തീയതി രാത്രി പന്ത്രണ്ടുമണിക്ക് രാജൻ എന്നു വിളിപ്പേരുള്ള ജോൺ ഏബ്രഹാം ജനിച്ചു.
