വർഷങ്ങൾക്കു മുമ്പാണ്. എഴുത്തുകാരനായ പ്രിയസ്‌നേഹിതൻ കൂടിക്കണ്ട നേരത്ത് ഹൃദയപൂർവ്വം എന്റെ കൈ പിടിച്ചു.
''മാഷേ, ഒന്ന് മാറ്റിപ്പിടിച്ചുകൂടേ?''
പരിസ്ഥിതി കഥകൾ ആവർത്തിച്ചെഴുതുന്നത് കണ്ടുകൊണ്ടുള്ള ചോദ്യമാണ്. ഞാൻ തലകുലുക്കി. മാറ്റിപ്പിടിക്കണം. പക്ഷേ, പിന്നേയും പരിസ്ഥിതി ജാഗ്രതയുടെ കഥകൾ പിറന്നുകൊണ്ടേയിരുന്നു.
വാസ്തവത്തിൽ എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങളാണ്, ബാധയൊഴിപ്പിച്ചു കളയുന്നപോലെ, സ്വാസ്ഥ്യം നേടാൻ വേണ്ടി ഞാനെഴുതുന്നത്. അതുകൊണ്ടാണ് പരിസ്ഥിതിക്കഥകൾ തുടരുന്നത്. മാത്രമല്ല, മനുഷ്യനെ ഏറ്റവും ഭയങ്കരമായി ബാധിച്ചുകൊണ്ടിരിക്കുന്ന വിഷയവും മറ്റെന്താണ്? ശ്വസിക്കാൻ പ്രാണവായുവും കുടിക്കാൻ പ്രാണജലവുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോൾ, മനുഷ്യസൃഷ്ടമായ ആഗോളതാപനത്തിന്റെ വിപര്യയങ്ങളായി ചുഴലിക്കാറ്റുകളും പ്രളയങ്ങളും കാട്ടുതീയുമൊക്കെ ഒന്നിനു പിറകേ ഒന്നായി വന്ന് വിപത്‌സന്ദേശങ്ങൾ തുടരുമ്പോൾ എങ്ങനെ പരിസ്ഥിതിയെ എഴുതാതിരിക്കും?
