പ്രണയത്തിന്റെ ഉന്മാദ ദ്വീപിലെ സഞ്ചാരിയാണ് കവിത. ജീവിതത്തിന്റെ സുഖവും ദുഃഖവും ആ ദ്വീപിലെ മണലിലേക്ക് തിരകളായി ഒടിഞ്ഞു മറിയുന്നു. ആത്മദാഹത്തിന്റെ വിവശതയിൽ ചിലപ്പോഴൊക്കെ ഭൗതികതയുടെ പടവുകൾ ചവുട്ടിക്കയറി ഹൃദയ ഭാഷയുടെ രസതന്ത്രമായത് പരിണമിക്കുന്നു. ചിലപ്പോഴത് മൃത്യുവിന്റെ ജലം കുടിച്ചു ജീവിതഗാഥയാവുന്നു. പ്രണയത്തിന്റെ കനലിൽക്കയറി നിന്നപ്പോളാണ് ഇടപ്പള്ളി നമുക്കായി ഈ വരികൾ കുറച്ചത്.
"കാമുകൻ ചോദ്യമാ-
യോമനേ ഞാനൊരു
കാർമുകിലായാൽ നീയെന്തു ചെയ്യും?
ഞാനതിൻമധ്യത്തിൽ
വൈദ്യുതവല്ലിയായ്
വാനിൽ വളരൊളി വീശി മിന്നും."
നിത്യാഭിലാഷത്തിന്റെ ശ്രദ്ധാജ്ഞലിയായിത്തീരുന്നിവിടെ വാക്കുകൾ. യക്ഷ ജീവിതത്തിന്റെ ദാഹം വിശപ്പ് അനുഭവിച്ചവർക്ക് അതേറ്റവും വലിയ ജ്ഞാന വെളിച്ചമായിത്തീരുമ്പോൾ രമണൻ വായിച്ചു തീരാത്ത, ചൊല്ലിത്തീരാത്ത പുസ്തകമായിത്തീർന്ന മലയാളി ലോകം നമുക്ക് മുമ്പിലുണ്ട്. കുറച്ചു കൂടി ഗഹനമായി ആത്മതത്വത്തിന്റെ ഉപദേശ ഭാഷയിൽ കുമാരനാശാൻ പ്രണയ തീവ്രത എഴുതി. നടരാജനൃത്തത്തിന്റെ താളലയം ചേർന്ന (ഹൈന്ദവ തീവ്രതയില്ലാത്ത) മനുഷ്യചേരുവയിൽ നിന്നാണ് ആശാനിലെ കവിയിതു സാധിച്ചത്. ചാതുർവർണ്യത്തെ ജീവിതം കൊണ്ട് എതിരിട്ട കാവ്യ വിമോചനാശയം ആശാനിലൂടെ മലയാളി വായിച്ചെടുക്കേണ്ടിയിരിക്കുന്നു.
