കിളിയൊച്ചകൾ നല്കുന്ന സാന്ത്വനം

Memoir

കിളിയൊച്ചകൾ നല്കുന്ന സാന്ത്വനം


രുഭൂമി മലയാളിക്ക് പരിചിതമല്ലാത്ത ഭൂമേഖലയാണ്. അതുകൊണ്ടാവാം മണലാരണ്യത്തിൽ സന്ദർശനത്തിനു വരുന്ന ഏത് മലയാളിയും 'ഡെസേർട്ട് സവാരി' കഴിഞ്ഞേ പോകൂ എന്നവരാകുന്നത്. എന്നാൽ വർഷങ്ങളോളം മണലാരണ്യത്തിൽ ജീവിക്കുന്നവർക്ക് അതൊരു നിത്യക്കാഴ്ച മാത്രം. ആഴക്കടലിൽ എത്തിയാൽ നിങ്ങൾ അഭിമുഖീകരിക്കേണ്ടി വരിക നാലു ഭാഗവും നിറഞ്ഞ വെള്ളമായിരിക്കും. ദിക്കറിയണമെങ്കിൽ വടക്കു നോക്കിയന്ത്രം കൈയിൽ കരുതണം. മരുഭൂമിയിലും ഇത് തന്നെ അവസ്ഥ (നാലുഭാഗവും നിറഞ്ഞു കിടകുന്ന മണൽപ്പരപ്പ് ). പരിചയമുള്ളവർക്കേ മരുഭൂമിയിൽ പോകാനാവൂ. ഗൈഡ് നിർബന്ധം. അത് തെറ്റിച്ചു കുടുങ്ങിപ്പോയവരെ ഹെലികോപ്റ്റർ, മന്ത്രാലയ സുരക്ഷാ സേന രക്ഷപ്പെടുത്തിയ വാർത്തകൾ നിത്യേന വരുന്നുണ്ട്.

മരുഭൂമിയിലെ വിജനതയിലെ പ്രഭാതം വല്ലാത്ത അനുഭവമാണ്. എവിടെ നിന്നൊക്കെയോ കിളിയൊച്ച ഉയരുന്നു. അവർക്ക് മൺകൂനക്കിടയിലെ മാളം, കുറ്റിച്ചെടികൾ, ഈത്തപ്പനകൾ ഒക്കെ വാസം ഒരുക്കുന്നു. ഈ കിളിയൊച്ചകൾക്ക് മറു കൂക്ക് നല്കി ആനന്ദിക്കുന്ന ഒരു പാക്കിസ്ഥാനി കുറേക്കാലം വാടകവീടിൽ ഉണ്ടായിരുന്നു. അത് കേട്ടിരിക്കുക, കിളികളുടെ ലോകത്തിൽ മറ്റൊരു കിളിയായി സങ്കല്പിക്കുക. എത്ര വേദനിച്ചാലും ഉന്മേഷത്തിന് അത് ധാരാളം.

ചുളമടിച്ചു വരുന്ന തീക്കാറ്റ്. മുടിയഴിച്ചു കാറ്റിലാടുന്ന ഈത്തപ്പനകൾ. ഓർമ്മയും ചിന്തയും കെട്ടു മുറുകുന്നു. ഇല്ലായ്മയിലും ദുരന്തത്തിലും ചാരനിറം. നോക്കി നില്ക്കെ കടലിൽ നിറയെ ബിംബങ്ങൾ. ചായം കോരിയൊഴിച്ച കാൻവാസ് പോലെ അസ്തമയ ആകാശം. ഇതിനിടയിൽ ഞാൻ മനുഷ്യരെ വിശ്വസിക്കുന്നു. ഇഡിയറ്റിൽ നിന്നും അമ്മ അറിയാനിലേക്ക് താളുകൾ മറിച്ചിടുന്നു. ദെസ്തോവസ്ക്കിയുടെ പിന്നാലെ കൂടുന്നു. എഴുത്തച്ഛന്റെ എപ്പിക്ക് രചനകൾ ഉരുവിടുന്നു. കുന്ദേര, ജിബ്രാൻ, ഉംബർട്ടോ എക്കോ, മാർക്യൂസ്, ഹമുറാമി, സാർത്ര്, കസാൻതിക്കാന് എന്നിവരുടെ എഴുത്തുകൾ വെച്ച് കഥാകാരിയോട് തർക്കിക്കുന്നു. നിശ്ശബ്ദത - മൗനം നിറഞ്ഞ വാടക വീടിന്റെ ഇരുട്ടറയിൽ ഇതാണ് സ്നേഹ സാന്ത്വനം.


Related Articles