ഭൂകമ്പങ്ങളിലേക്കുള്ള യാത്രകൾ

Memoir

ഭൂകമ്പങ്ങളിലേക്കുള്ള യാത്രകൾ


കനക നാരായൻ ഞാൻ ജോലി ചെയ്തിരുന്ന കമ്പനിയിലെ താൽക്കാലിക ക്ലീനിംഗ് സ്റ്റാഫ് ആയിരുന്നു. ലേബർ സപ്ലേയുടെ കോൺട്രാക്ട് സ്റ്റാഫ്. ചെറിയ ശമ്പളക്കാരൻ. ക്ലീനിംഗ് ജോലി ചെയ്തിരുന്ന ബംഗ്ലാദേശി നാട്ടിൽ പോയപ്പോൾ പകരക്കാരനായി വന്നവൻ. തെലങ്കാനയിലെ കരിംനഗർ ആണ് അയാളുടെ നാട്. ഗോദാവരിയുടെ കൈവഴിയായ മനെയർ നദിയുടെ തീരത്താണ് കനക ബായിയുടെ കുടുംബവീട്. ഇന്ത്യയിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ നദിയാണു ഗോദാവരീ നദി. "വൃദ്ധ ഗംഗ"യെന്നും "പഴയ ഗംഗ"യെന്നും അറിയപ്പെടുന്ന ഈ നദിയുമായി ബന്ധപ്പെട്ട കഥകൾ അയാൾ എപ്പാേഴും പറയാറുണ്ട്. തൻ്റെ ബാല്യവും കൗമാരവും പ്രണയവുമൊക്കെ ഈ നദീതീരത്തായിരുന്നുവെന്നും രമേശ് ഭയ്യാ എന്നെങ്കിലും ഞങ്ങളുടെ നാട്ടിൽ വരണമെന്നും ചിത്രകാരന്മാർക്ക് വലിയ ഇഷ്ടമാകുന്ന ഇടമാണെന്നും കനക ബായി പറയുമായിരുന്നു. ഭാഗ്യനഗറിലുള്ള ഒരു ക്രിസ്ത്യാനി പെൺകുട്ടിയെ പ്രണയിച്ചതിനാലും വിവാഹം കഴിച്ചതിനാലും അയാൾക്ക് മതം മാറേണ്ടിയും വന്നു. വീട്ടുകാർ അയാളേയും ഭാര്യയേയും വീട്ടിൽ കയറ്റിയതുമില്ല.

മേരിയെ വിവാഹം കഴിക്കുമ്പോൾ കനക ബായിക്ക് ഇരുപത്തിരണ്ട് വയസ്സാണ്. മേരിയ്ക്ക് പതിനാറും. മൂന്ന് വർഷം പലയിടത്തായി ജീവിച്ചു. പിന്നെയാണയാൾ ദുബായ് വരുന്നത്. രണ്ടു വർഷം കഴിഞ്ഞ് റാസ് അൽ ഖൈമയിലുള്ള കൂട്ടുകാരി വഴി മേരിയ്ക്ക് ഫുജറയിലൊരു അറബി വീട്ടിൽ പാചക ജോലി ശരിയായി. കാലത്ത് ഓഫീസിലും ഉച്ചയ്ക്ക് ശേഷം വലിയ സ്റ്റോറുകളിലും എന്ന വിധമാണ് കനക ബായിയുടെ ജോലി സമയം ക്രമീകരിച്ചിരിക്കുന്നത്. ഒഴിവു സമയത്തെല്ലാം അടുത്ത് വരുകയും എന്തെങ്കിലും കുശലം പറയുകയും, കട്ടിയിൽ റെയ്ബോ മിൽക്കൊഴിച്ച ഏലച്ചായ ഉണ്ടാക്കി കൊണ്ടുവരുകയും ചെയ്യാറുണ്ടായിരുന്നു. എന്നോടൊരടുപ്പം അയാൾ എപ്പാേഴും സൂക്ഷിച്ചു വന്നു.

അങ്ങനെയിരിക്കെ അയാളൊരു സഹായം ആവശ്യപ്പെട്ടു. അവധി ദിവസം ഭാര്യ മേരിയുമായി റാസ് അൽ ഖൈമയിലെ ജൂലാനിൽ പോകണം. അവിടെ അവളുടെ കൂട്ടുകാരി ജോലി ചെയ്യുന്നുണ്ട്. അതുമൊരു അറബി വീടാണ്. ആ വീട്ടുകാർ കാലത്ത് നാസ്ത കഴിച്ചാൽ ദുബായിലേയ്ക്ക് വരും തിരിച്ചു വരുന്നത് പാതിരാത്രിയിലാണ്. അതിനിടയിൽ അയാൾക്കും ഭാര്യയ്ക്കും കുറച്ച് സമയം ഒറ്റയ്ക്ക് കഴിയാൻ പറ്റും. കഴിഞ്ഞ നാല് വർഷമായി കനക ബായിയും മേരിയും ഈ മരുഭൂമിയിൽ ഉണ്ടെങ്കിലും അവരുടേതായ സ്വകാര്യ നിമിഷങ്ങൾ നിഷിദ്ധമായ ഒരു ലോകത്തിൻ്റെ നിയമങ്ങളിലാണ് അവർ ജീവിക്കുന്നത്. വല്ലപ്പോഴും മേരി ബർദുബായിലോ ദേരയിലോ ബസ്സ്റ്റേഷനിൽ വരും പാർക്കിലും കേരി ഫോറിലും ചുറ്റി നടക്കും. അതല്ലെങ്കിൽ കനക ബായി ഫുജറയ്ക്ക് പോകും കടൽത്തീരത്ത് സമയം ചിലവഴിക്കും അതാണവരുടെ പ്രണയവും ദാമ്പത്യവും ജീവിതവും. കല്യാണം കഴിഞ്ഞ് അഞ്ച് വർഷത്തോളമായി കുട്ടികളൊന്നുമായില്ല. ഉള്ള സത്യം കനക ബായി തുറന്നു പറഞ്ഞു, ഞാൻ എൻ്റെ മേരിയെ കെട്ടിപ്പിടിച്ചിട്ടോ ഉമ്മ വെച്ചിട്ടോ നാല് വർഷമായി. ഞങ്ങൾക്ക് നാട്ടിലൊരു കൂരയില്ല. അതിനുള്ള പണമായാൽ മേരി നാട്ടിൽ നിൽക്കും. പിന്നെ തനിക്ക് എല്ലാ വർഷവും നാട്ടിൽ പോകാലോ എന്നയാൾ ആശ്വാസം കൊണ്ടു. കുറച്ച് നേരം തൊട്ടൊരുമി അവളുടെ കൂടെ ഒന്നിച്ചിരിക്കണം. മടിയിൽ തല വെച്ച് കിടക്കണം. അതിനാണ് ഈ യാത്ര. കാലത്ത് മേരി ഷാർജയിൽ വരും. ഞാനൊരു റെന്‍റ് എ കാർ ഏർപ്പാടാക്കാം രമേശ് ബയ്യാ ഞങ്ങളെ റാസ് അൽ ഖൈമ കൊണ്ടു പോകണം.


Related Articles