ജയിലകങ്ങൾ മാറിയിട്ടേയില്ല

Memoir

ജയിലകങ്ങൾ മാറിയിട്ടേയില്ല


അതിനുശേഷം രണ്ടു വർഷം കടന്നുപോയി. പിന്നീടുണ്ടായ മിക്കവാറുമെല്ലാ ദിവസവും തലേന്നിന്റെയോ അതിനു മുമ്പത്തേതിന്റെയോ ആവർത്തനങ്ങളായിരുന്നു. കോടതികളിൽനിന്ന് കോടതികളിലേക്കുള്ള യാത്രകൾക്കിടയിൽ പത്തിരുപതു വർഷം മുമ്പത്തെ പഠനകാലത്തെ നിയമപുസ്തകങ്ങളിൽ തികച്ചും ഔപചാരിക ഭാഷയിൽ നമ്മളെ മുഷിപ്പിച്ചിരുന്ന പലപല ചട്ടങ്ങളും വകുപ്പുകളുമൊക്കെ നമ്മളോടൊപ്പംകൂടി.

ജയിലിൽ അങ്ങനെയാണ്. 420 കാരൻ (ചീറ്റിങ് കേസ്), 380 കാരൻ (മോഷ്ടാവ്), 376 കാരൻ (റേപ്പിസ്റ്റ്), പോക്‌സോക്കാരൻ (ശിശുപീഡകൻ), യു.എ.പി.എ.ക്കാർ (തീവ്രവാദി)... ഇങ്ങനെയൊക്കെയാണ് അറിയപ്പെടുക (ദലിത് പീഡനം ഇപ്പോഴും അങ്ങനെ ഒരജണ്ടയല്ലാത്തതുകൊണ്ട് അങ്ങനെയൊരു ചട്ടമോ വകുപ്പോ പീഡകരോ ഒക്കെയുണ്ടെന്ന് ആർക്കും അറിയില്ല). തടവുകൾക്കിടയിലെ സ്വത്വനിർമ്മിതി ഇങ്ങനെയാണ്.

നിലവിലുള്ള നിയമങ്ങൾ ആലങ്കാരികമാണെന്നും ചില നടപടിക്രമങ്ങളെയാണ് നീതിയെന്നു കണക്കാക്കപ്പെടുന്നതെന്നുമൊക്കെ നിയമത്തിന്റെ ചിലന്തിവലകൾക്കിടയിൽവെച്ച് നമ്മൾ മനസ്സിലാക്കും (നടപടിക്രമങ്ങൾപോലുമില്ലാതെ Summary execution നടത്തുന്നത്--നിലമ്പൂരിന്റെ മാതൃക--നമ്മൾ കണ്ടതാണല്ലോ). നീതിബോധമുള്ള ന്യായാധിപർ വംശനാശം നേരിടുന്ന വിഭാഗമാണെന്ന് (endanger)രണ്ടു വർഷത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. ന്യായാധിപരെ എന്തിനു കുറ്റം പറയുന്നു! സമൂഹത്തിൽ അലയടിക്കുന്ന പോരാട്ടങ്ങൾതന്നെയാണ് പൊതുവായ നീതിബോധത്തിനെ മുന്നോട്ടുകൊണ്ടുപോകുകയെന്ന പഴയ പാഠങ്ങൾ ഈ യാത്രകൾക്കിടയിൽ നമ്മളിൽ ഒന്നുകൂടി ഉറയ്ക്കും.


Related Articles