യാത്രയുടെ വിവരണം എന്നതിനേക്കാൾ യാത്രാനുഭവം എന്നോ ഓർമ്മ എന്നോ വിശേഷിപ്പിക്കാനാണ് ഇഷ്ടം. കാരണം ഈ കുറിപ്പിൽ വൈകാരികതകൾക്കാണ് പ്രാധാന്യം കൊടുത്തിരിക്കുന്നത്,വസ്തുതകൾക്കല്ല. ബോധപൂർവം ചെയ്യുന്നതല്ല, എല്ലാ അനുഭവങ്ങളെയും വൈകാരികമായി സമീപിക്കുന്ന ഒരാളായതുകൊണ്ടാണ്. ഹൈദരാബാദ് പോകുന്നതിന് മുൻപ് നിങ്ങൾ തീർച്ചയായും കേൾക്കേണ്ട ഒന്നല്ല ഇത്, അങ്ങനെയൊരു സമീപനം നിങ്ങൾക്കൊട്ടും ഗുണം ചെയ്യില്ല എന്ന് മുൻകൂർ ഓർമ്മിപ്പിക്കട്ടെ.
യാത്രകൾ മരുന്നായിട്ട് അധികകാലം ആയിട്ടില്ല. ട്രിപ്പ് എന്നോ ടൂർ എന്നോ പറയുന്ന യാത്രകളെ കുറിച്ചാണ് പറഞ്ഞത്. മനസ്സ് എനിക്ക് താങ്ങാവുന്നതിനേക്കാൾ വലിയ ബാധ്യതയാകുമ്പോഴൊക്കെ വീടുവിട്ടിറങ്ങുക എന്നൊരു ശീലം ഉണ്ടായിരുന്നു പണ്ട്. പണ്ടെന്നുവച്ചാൽ ഇരുപതുകളുടെ തുടക്കം മുതൽ പകുതി വരെ. അന്ന് ഒറ്റയ്ക്കായിരുന്നു, വലിയ യാത്രകൾ താങ്ങാനുള്ള വരുമാനമോ അനുവാദമോ കൂട്ടോ ഉണ്ടായിരുന്നില്ല. ആദ്യം കാണുന്ന സ്വകാര്യ ബസ്സിൽ കയറി നിലമ്പൂരിലേക്ക് പോവുകയാണ് ചെയ്തിരുന്നത്. അതല്ലെങ്കിൽ ഏതെങ്കിലും കൂട്ടുകാരുടെ അടുത്തേക്ക്. അതുവരെ ഉണ്ടായിരുന്ന സ്ഥലത്ത് നിന്നും മറ്റൊരിടത്തേക്ക് ഇത്തിരി നേരത്തേക്കെങ്കിലും മാറിനിൽക്കുന്നത് സമാധാനം തന്നിരുന്നു. സ്ത്രീകളുടെ മാത്രം പ്രത്യേകതയാണിത് എന്നായിരുന്നു ആദ്യമൊക്കെ ധരിച്ചിരുന്നത്. അതുകൊണ്ടുതന്നെ അതാതുകാലത്തെ കൂട്ടുകാരികളെയൊക്കെ ഉൾപ്പെടുത്തി ചെറിയ ചെറിയ യാത്രകൾ ആസൂത്രണം ചെയ്യുന്നതും അതിനുവേണ്ട ഒരുക്കങ്ങൾ നടത്തുന്നതും വലിയ ഇഷ്ടമായിരുന്നു.
പിന്നീട് ജീവിതത്തിന് പങ്കാളി ഉണ്ടായി, മകൾ ഉണ്ടായി അപ്പോഴാണ് മനസ്സിലായത് ഭൂരിഭാഗം ആളുകൾക്കും ലിംഗ, പ്രായ വ്യത്യാസം ഇല്ലാതെ യാത്രകൾ ഇഷ്ടമാണ് എന്ന്. എന്റെ കൂട്ടുകാരന് യാത്രകൾ ഇഷ്ടമാണ്, പക്ഷേ വലിയ ആസൂത്രണങ്ങളും ഒരുക്കങ്ങളും അവൻ ആസ്വദിക്കാറില്ല. എനിക്ക് അത്തരം ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ഇഷ്ടമാണ്. അപ്പോൾ ആ ഭാഗം ബാലൻസ് ആയി. മോൾക്ക് കുട്ടികൾക്കുള്ള സഹജമായ കൗതുകം പുതിയ കാര്യങ്ങളോടെല്ലാം ഉള്ളതുകൊണ്ട് അവളും യാത്രകളെ സന്തോഷത്തോടെ സ്വീകരിക്കും. അങ്ങനെയാണ് അതാതുകാലത്തെ സാമ്പത്തികസ്ഥിതിയും സമയവും സൗകര്യവും നോക്കി ചെറിയ ചെറിയ യാത്രകൾക്ക് ഞങ്ങൾ മൂന്നുപേരും ഇറങ്ങിയത്. ബൈക്കിലും സ്കൂട്ടറിലുമായി പോകാവുന്നിടത്തെല്ലാം ഞങ്ങൾ എത്തിയിട്ടുണ്ട്. നാടോടികൾ എന്ന് വീട്ടിലും നാട്ടിലും അടയാളപ്പെട്ടിട്ടുണ്ട്. നാടുകളിലൂടെ ഓടി നടക്കുന്നവർ എന്ന അർത്ഥത്തിൽ ആയിരിക്കണം.
