'അമ്മ' എന്നാണ് ഞാൻ പപ്പയുടെ അമ്മയെ വിളിച്ചിരുന്നത്. അമ്മയ്ക്ക് ഞാൻ സാന്ദ്രക്കുട്ടി ആയിരുന്നു. അങ്ങനെയൊക്കെ വിളിക്കുമായിരുന്നെങ്കിലും പേരക്കുട്ടിയോട് ഒരല്പം പോലും വാത്സല്യമോ സ്നേഹമോ കാണിക്കാത്ത പ്രകൃതമായിരുന്നു അമ്മയുടേത്. എന്റെ ഓർമയിൽ അമ്മയെന്നെ ഒന്നു തോളിലെടുക്കുകയോ, മടിയിലിരുത്തി കഥ പറഞ്ഞു തരികയോ, സ്കൂളിൽ നിന്നും കിട്ടിയ സമ്മാനങ്ങൾ കാണിക്കുമ്പോൾ അതൊന്നു നോക്കുകയോ, മിടുക്കി നന്നായിരിക്കുന്നു എന്നു പറയുകയോ, തെറ്റ് കണ്ടാൽ തിരുത്തുകയോ, കുറച്ചു നാളു കൂടി തറവാട്ടിൽ ചെല്ലുമ്പോൾ സുഖവിവരം തിരക്കുകയോ ഒന്നും ചെയ്തിട്ടില്ല.
എന്നാൽ ഈ അമ്മ തന്നെ അയൽക്കാരുടെ കുട്ടികളെ താലോലിക്കുകയും പുന്നാരിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയുമ്പോൾ കുശുമ്പോടെ അതിലേറെ സങ്കടത്തോടെ നോക്കി നിന്നിരുന്ന ഒരു കാലവും എനിക്കുണ്ടായിരുന്നു. പതിയെ പതിയെ അമ്മയുടെ വാത്സല്യം ഞാനും ആഗ്രഹിക്കാതെയായി. അതിനൊരുപാട് കാലമൊന്നും വേണ്ടി വന്നില്ല. എന്നോട് ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും അമ്മ നാട്ടുകാർക്കെല്ലാം പ്രിയങ്കരിയായിരുന്നു, നാട്ടുകാരുടെ പ്രിയപ്പെട്ട ഉപകാരി ചേടത്തി. ആ അമ്മ എന്തുകൊണ്ടാണ് എന്നോടുള്ള വാത്സല്യത്തിൽ പിശുക്കു കാണിച്ചതെന്ന് എനിക്കിന്നും അറിയില്ല. എന്നാൽ കാലം എല്ലാം മാറ്റി മറിക്കും എന്ന സത്യം അധികം വിദൂരത്തിൽ ആയിരുന്നില്ല.
അങ്ങനെ ആരോഗ്യമൊക്കെ ക്ഷയിച്ചു തുടങ്ങിയ സമയത്ത് അമ്മ ഞങ്ങളുടെ വീട്ടിൽ കുറച്ചു നാൾ ഉണ്ടായിരുന്നു. പഴയ കാർക്കശ്യവും തന്റേടവും, ചുറുചുറുക്കും, വാക്സാമർത്ഥ്യവും ഇല്ലാത്ത അമ്മയെ കണ്ടപ്പോൾ എനിക്ക് തന്നെ ഒരു വിഷമമായിരുന്നു. പക്ഷേ കുട്ടിക്കാലം മുതൽ അമ്മയിൽ നിന്നും അവഗണയായിരുന്നതിനാൽ എനിക്ക് അപ്പോളും അത്ര അടുപ്പമൊന്നും തോന്നിയില്ല. അമ്മ എന്നെയൊന്നു അടുത്തേക്ക് വിളിച്ചതു പോലുമില്ല, വിളിക്കുമെന്നു കരുതിയ എനിക്കും തെറ്റി. പക്ഷേ പിന്നീടൊരു ദിവസം എന്തോ ഒരു തോന്നലിൽ ഞാൻ അമ്മയുടെ അരികെ കട്ടിലിൽ ചെന്നിരുന്നു. നല്ല ഉറക്കമായിരുന്നു, അതു കൊണ്ട് തന്നെ വഴക്കൊന്നും പേടിക്കാതെ പതുക്കെ അമ്മയുടെ നഖം ഒക്കെ വെട്ടി കൊടുത്തു. അതുവരെ വയ്യാതെ കിടന്ന അമ്മ മെല്ലെ എഴുന്നേറ്റു. ദേഷ്യപ്പെട്ടു അമ്മ ഓടിച്ചു വിടുമെന്ന് കരുതിയ എന്റെ ധാരണ തിരുത്തി കൊണ്ടു, പുഞ്ചിരിയോടെ, അല്പം ഇടർച്ചയോടെ അമ്മ എന്നോട് പറഞ്ഞു. ആരും എനിക്കിതുവരെ ഞാൻ ആവശ്യപ്പെടാതെ ഒരു കാര്യവും ചെയ്തു തന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു ചെയ്ത നീ മിടുക്കത്തിയാണെന്ന്. ഒരുപാട് കാലം ഞാൻ ആഗ്രഹിച്ച വാക്കായിരുന്നു അമ്മയുടെ മിടുക്കത്തിയെന്ന വിളി. അതു കേൾക്കാൻ ഇത്ര കാലം വരെ കാത്തിരിക്കേണ്ടി വന്നു. അതു പറയുമ്പോൾ അമ്മയുടെ സ്വരം നന്നായി ഇടറിയിരുന്നു, മറുപടി പറയാനാകാതെ എന്റെ തൊണ്ടയും. പിന്നീടൊരിക്കലും അമ്മയുടെ മുഖത്ത് കാർക്കശ്യവും ദേഷ്യവും കണ്ടിട്ടില്ല മറിച്ചു പുഞ്ചിരി തൂകുന്ന മുഖമായിരുന്നു, വാക്കുകളിൽ സ്നേഹവും വാത്സല്യവും മാത്രം.
