ഓർമ്മ ചീന്തുകൾ

Memoir

ഓർമ്മ ചീന്തുകൾ


കാലത്തിന്റെ വീശുമുറം കൊണ്ട് ജീവിതത്തെ ചേറി കൊഴിച്ചെടുക്കുമ്പോൾ കടന്നു പോന്ന ദശാസന്ധികൾ. വാക്കുകളുടെ സ്വർണ്ണ ചാമരം വീശിയും, തീയിൽ വീണ് പൊള്ളിയടർന്നുമൊക്കെ അവ ജീവിതത്തിൽ വന്നിടയ്ക്ക് ഇരുകിട കൊട്ടാറുണ്ട്. മുപ്പത്തഞ്ചാണ്ട് പഴക്കമുള്ള മറുനാട് ജീവിതത്തിന്റെ (കർണ്ണാടക) അതിരുകളെ തട്ടിമാറ്റി തോളത്ത് കയറിയിരിക്കാനും ആ ഓർമ്മകൾ മടി കാണിക്കാറില്ല. പഴമയുടെ ചുരുട്ടി വെച്ച പന്തിപ്പായകൾക്കുള്ളിൽ നിശ്ശബ്ദം അടയിരിക്കുന്നവയും ഉണ്ട്. കാലത്തിന്റെ ഉപയോഗശൂന്യമായ പല ഏടുകളും പറിച്ചെറിയേണ്ടിവരുമ്പോൾ കൃത്യമായ വ്യാകരണമില്ലാത്തതാണ് മനുഷ്യ ജീവിതം എന്നും തിരിച്ചറിയുന്നു. ചിന്തകൾ മാറുകയും, കനം വെക്കുകയും ചെയ്യുമ്പോൾ പല വിശ്വാസങ്ങളും അവിശ്വാസങ്ങൾക്ക് വഴിമാറി കൊടുത്തേക്കാം. എന്നാലും ചിലതൊക്കെ മാറ്റങ്ങളില്ലാതെ ആ വിശുദ്ധിയോടെ കലർപ്പില്ലാത്ത കാട്ടുതേൻ പോലെ മനസ്സിന്റെ മണിച്ചെപ്പിൽ സൂക്ഷിക്കാനും ഇഷ്ടം. അതിലൊന്നാണ് ജനിച്ചു വളർന്ന ഗ്രാമമായ വാഴേങ്കട. 

വാഴേങ്കടയെ ഓർക്കുമ്പോൾ ഇപ്പോഴും ഞാനൊരു പാവാടക്കാരിയുടെ മനസ്സിലേക്ക് ചേക്കേറുന്നു. കുട്ടിക്കാലത്തിന്റെ കുസൃതികളും കൗമാര യൗവ്വനകാലത്തിൽ കൊണ്ട വെയിലുകളും, മഴകളും കൊണ്ട് നെയ്തെടുത്ത എത്രയെത്ര സ്വപ്നങ്ങളും, നിനവുകളും ആ മണ്ണിൽ കുതിർന്നു കിടക്കുന്നു. കഥകളിയും കദളിപ്പഴവും ഏറെ ഇഷ്ടമുള്ള വാഴേങ്കട നരസിംഹമൂർത്തിയെ എന്നും രാവിലെ കുളിച്ച് തൊഴുതിരുന്ന കുട്ടിക്കാലത്തിനിപ്പോഴും കർപ്പൂര മണം. കൂട്ടുകാർക്കൊപ്പം ചിലവഴിച്ചിരുന്ന കാലത്തിന്റെ കൗതുകങ്ങൾക്ക് അമ്പലത്തിലെ ഇലച്ചാർത്തിൽ നിന്നും കിട്ടുന്ന തുളസിയുടേയും തെച്ചിപ്പൂവിൻ്റേയും, ചന്ദനത്തിൻ്റേയും ഗന്ധമായിരുന്നു. ഒപ്പം മഠത്തിൽത്തൊടിയിൽ കാറ്റത്ത് ഊർന്നു വീഴുന്ന മാമ്പഴങ്ങളുടെ മധുരവും പുളിയും! 

വാഴേങ്കട യുപി സ്കൂളിലേക്ക് രാവിലെ പത്ത് മണിക്കിറങ്ങിയാൽ മതി. പോകുന്ന വഴിയിലാണ് ഭ്രാന്തൻ മൊയ്തുവിന്റെ വീട് (പേര് യഥാർത്ഥമല്ല) അവിടെയെത്തിയാൽ കലപില നിശ്ശബ്ദമാവും. കാരണം അയാൾ എപ്പോഴാ മിണ്ടാതെ പടിക്കലിൽ വന്നു നിൽക്കുന്നതെന്നറിയില്ല. ചിലപ്പോൾ കുട്ടികളെ പിടിച്ചുന്തും. ആ ഭയം കാരണം അവിടെ എത്തിയാൽ മൊട്ടുസൂചി വീണാൽ കേൾക്കാത്തത്രയും നിശ്ശബ്ദതയായിരിക്കും.


Related Articles