ഒട്ടുംനിറമില്ലാത്ത കുട്ടിക്കാലമായിരുന്നു എന്റേത്. ഏഴു മക്കളായിരുന്നു ഞങ്ങൾ. ഞാൻ മൂന്നാമൻ. അച്ഛൻ കൊച്ചുവേലു അറുപ്പുപണിക്കാരനായിരുന്നു. അമ്മ ഗോമതി വീട്ടമ്മയും. 'കണട്രാക്കെ' എന്നാണ് കൂടെ ജോലിചെയ്തിരുന്നവർ അച്ഛനെ വിളിച്ചിരുന്നത്. മരപ്പണിയിൽ അച്ഛനെ വെല്ലാൻ നാട്ടിലെങ്ങും ആരുമുണ്ടായിരുന്നില്ല. നല്ല ആത്മാർത്ഥതയോടെയും വൃത്തിയായും ജോലി ചെയ്യുമായിരുന്നു. പലസ്ഥലത്തുനിന്നും കൂപ്പ് മുതലാളിമാർ അച്ഛനെ അന്വേഷിച്ച് ആളെ വിടും. അച്ഛനും അമ്മയും അമ്മൂമ്മയും ഉൾപ്പെടെ പത്തുപേരടങ്ങുന്ന കുടുംബത്തിന്റെ വരുമാനം അച്ഛനെ മാത്രം ആശ്രയിച്ചായിരുന്നു. ഞങ്ങൾക്ക് സ്വന്തമായി വീടുണ്ടായിരുന്നില്ല. വാടകയ്ക്കായിരുന്നു താമസം. അച്ഛന്റെ കുഞ്ഞമ്മയുടെ വീട്ടിലായിരുന്നു. അമ്മൂമ്മ എന്നാണ് അവരെ ഞങ്ങൾ വിളിച്ചിരുന്നത്. സാമ്പത്തികമായി അത്യാവശ്യം നല്ല അവസ്ഥയിലായിരുന്നു അവർ. മക്കൾക്കൊക്കെ ജോലിയുണ്ട്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മൂമ്മയോടൊപ്പം അച്ഛൻ ഞങ്ങളെയും കൊണ്ടുവന്ന് താമസിപ്പിച്ചു. അച്ഛനോട് അവർക്ക് വലിയ സ്‌നേഹമായിരുന്നു. വാടകയ്ക്കായിരുന്നു താമസിച്ചിരുന്നതെങ്കിലും അച്ഛൻ വാടകയൊന്നും കൊടുത്തിരുന്നില്ല. പൈതൃകമായി കിട്ടിയ സ്വത്തെല്ലാം അച്ഛൻ ചില കേസ്സുകൾക്കായി നേരത്തേ വിറ്റിരുന്നു. പിന്നീട് അമ്മൂമ്മയുമായി അച്ഛന് വഴക്കിടേണ്ടിവരികയും ഞങ്ങളെയുംകൊണ്ട് അച്ഛന് ആ വീട്ടിൽനിന്നും ഇറങ്ങേണ്ടി വരികയും ചെയ്തു. അങ്ങനെ അമ്മയുടെ വീട്ടിലേക്ക് താമസം മാറ്റി. പോത്തൻകോടായിരുന്നു അമ്മയുടെ വീട്. കുറച്ചുകഴിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും കുമാരപുരത്തെത്തി വാടകവീട്ടിൽ താമസം തുടങ്ങി. അവിടെനിന്ന് സ്‌കൂളിലൊക്കെ പോകാൻ തുടങ്ങി. മാമന്റെ തയ്യൽക്കടയുമായി ബന്ധം തുടങ്ങുന്നതും ഇക്കാലത്താണ്.
എന്റെ ശരീരമാസകലം ചിരങ്ങും ചൊറിയുമൊക്കെ പൊങ്ങി ചിണർത്തു. ഇത് കാരണം കൂടെ ഇരുത്താൻ കൂട്ടുകാർപോലും അറച്ചു. അവരെന്നെ പലപ്പോഴും കൂട്ടത്തിൽനിന്നും അകറ്റിനിർത്തി.
