ജനനിബിഡമായ  ഇരട്ടക്കട്ടിൽ

Memoir

ജനനിബിഡമായ ഇരട്ടക്കട്ടിൽ


സ്ഥലനാമങ്ങളുടെ ഉല്പത്തിചരിത്രം പലപ്പോഴും വിചിത്രവും രസാവഹവുമാണ്. പൗരാണികകാലത്ത് കല്ലുകൊണ്ടുണ്ടാക്കിയ കട്ടിലുകൾ ഉപയോഗിച്ചിരുന്ന ഒരു ദേശം, 'കൽകട്ടിൽ' എന്ന് അറിയപ്പെടുകയും 'കൽക്കട്ടിൽ' ലോപിച്ച് കക്കട്ടിലായിത്തീരുകയും ചെയ്തു എന്നാണ് പറഞ്ഞുകേൾക്കുന്നത്. കക്കട്ടിലിന്റെ ദേശനാമത്തെക്കുറിച്ചുള്ള അനേകം വ്യാഖ്യാനങ്ങളിൽ ഒന്നുമാത്രമാണിത്. വിക്കനായ ഒരു കക്കട്ടിൽകാരൻ കട്ടിലെന്ന് പറഞ്ഞപ്പോഴാണ് കക്കട്ടിലുണ്ടായത് എന്നാണ് അക്ബർ കക്കട്ടിൽ പറഞ്ഞ് കേട്ടത്. അതെന്തായാലും കട്ടിലും കൽക്കട്ടിലും കക്കട്ടിലും ചേർന്ന എന്റെ ദേശം, അക്ബറിന് ബൃഹത്തും ജനനിബിഡവുമായ ഒരു ഇരട്ടക്കട്ടിലായിരുന്നു. ആ ഇരട്ടക്കട്ടിൽ ഉപേക്ഷിച്ച് അക്ബർ സ്വർഗ്ഗത്തിലേക്കു യാത്രയായി. കഷണ്ടിത്തലയും ചെരിഞ്ഞ നോട്ടവും കുസൃതിച്ചിരിയുമായി, കേരളത്തിലെ നാടും നഗരവും മുഴുവൻ പ്രതിനിധീകരിക്കുന്ന ജനസാന്ദ്രമായ ആ ഇരട്ടക്കട്ടിലിലേക്ക് അക്ബർ ഇപ്പോൾ പാളിനോക്കുകയാവും.

ആധുനികർക്കുശേഷം എഴുതിത്തുടങ്ങിയവരിൽ ഏറ്റവും ജനപ്രിയനായ എഴുത്തുകാരനാണ് അക്ബർ കക്കട്ടിൽ. സ്വന്തം കഥകളുടെ ലാളിത്യവും ഗ്രാമീണതയുംകൊണ്ട് മാത്രമല്ല അക്ബർ ഇത് സാധിച്ചെടുത്തത്. താൻ ചെന്നെത്തുന്ന നാട്ടിൻപുറങ്ങളും നഗരങ്ങളുമെല്ലാം അക്ബർ, കക്കട്ടിൽ എന്ന ഗ്രാമമാക്കി. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രായത്തിന്റെയും വൈജാത്യങ്ങളില്ലാതെ സർവ്വമനുഷ്യരെയും നർമ്മത്താൽ സ്‌നാനം ചെയ്യിച്ച് കക്കട്ടിൽകാരാക്കി. വീടിന്റെ പൂമുഖങ്ങളെക്കാൾ അടുക്കളകളാണ് അവരെ സ്വീകരിച്ചത്. സമപ്രായക്കാരെക്കാൾ കുട്ടികൾക്കും സ്ത്രീകൾക്കും വൃദ്ധജനങ്ങൾക്കുമാണ് അവൻ സ്വീകാര്യനായത്.

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് അക്ബറിന്റെ ആദ്യകഥകൾ പ്രത്യക്ഷപ്പെടുന്നത്. കെ.കെ. ഹിരണ്യൻ, സത്യൻ അന്തിക്കാട്, ടി.വി. കൊച്ചുബാവ തുടങ്ങിയവർ അക്കാലത്ത് ബാലപംക്തിയിലെ താരങ്ങളായിരുന്നു. എഴുപതുകളുടെ ആദ്യവർഷങ്ങളിൽ സി.വി. ശ്രീരാമനും എം. സുകുമാരനും യു.പി. ജയരാജിനും വൈശാഖനുമൊപ്പം ആധുനികതയുടെ സംവേദനശീലങ്ങൾക്ക് വിരുദ്ധമായി കഥകളെഴുതിത്തുടങ്ങിയ ഒരുപാട് പേർ രംഗത്തു വരികയുണ്ടായി. ഇ.വി. ശ്രീധരനും അഷ്ടമൂർത്തിയും സി.വി. ബാലകൃഷ്ണനും എൻ. പ്രഭാകരനും യു.കെ. കുമാരനും ഉൾപ്പെട്ട (പേരുകൾ പൂർണ്ണമല്ല) ആ തലമുറയാണ് മലയാളകഥയ്ക്ക് ആധുനികാനന്തരമായ ഒരു പുതിയ ഭാവുകത്വം നൽകിയത്. ആ സംവേദനപരിസരത്തിലേക്ക് ഗ്രാമജീവിതത്തുടിപ്പുകളും നാടൻ നർമ്മത്തിന്റെ ചാരുതയുമായി പ്രത്യക്ഷപ്പെട്ട കഥാകൃത്താണ് അക്ബർ കക്കട്ടിൽ.


Related Articles