മാധ്യമശില്പശാലകളിൽ പങ്കെടുക്കുമ്പോൾ ചിലപ്പോഴെല്ലാം അഭിമുഖീകരിക്കേണ്ടിവന്ന ഒരു ചോദ്യമുണ്ട്. ഇത്രയും കാലത്തിനിടയിൽ താങ്കളുടെ എത്ര വിശേഷാൽപ്രതി ലേഖനങ്ങൾ, പത്രാധിപർ അല്ലെങ്കിൽ മുതലാളിമാർ തടഞ്ഞുവെച്ചിട്ടുണ്ട്?
ലേശം കുഴപ്പിക്കുന്ന ചോദ്യമാണ്. ഒരു ലേഖനംപോലും തടയപ്പെട്ടിട്ടില്ല എന്നു പറയുന്നത് അസത്യമാവും. അതുകൊണ്ടു വല്ല തരികിടകളും പറഞ്ഞു തടിയൂരുകയാണ് പതിവ്. 1995 മാർച്ചിൽ ആരംഭിച്ച 'വിശേഷാൽപ്രതി' പംക്തിയിൽ ഇതിനകം ആയിരത്തി ഒരുനൂറോളം ലേഖനങ്ങൾ 'മാതൃഭൂമി' പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു ലേഖനംപോലും പ്രസിദ്ധീകരിക്കപ്പെടാതെ പോയിട്ടില്ല എന്നതല്ല, ഒരു ലേഖനം പ്രസിദ്ധീകരിക്കാതെ പോയിട്ടുണ്ട് എന്നതാണ് സത്യം.
പത്തുവർഷം മുമ്പ് ആഗസ്തിലാണ് സംഭവം. പിതൃശൂന്യവിവാദം എന്ന പേരിലൊരു സംഭവം അന്നു പത്രങ്ങളിൽ പൊടിപൊടിക്കുന്നുണ്ടായിരുന്നു. ഇപ്പോൾ നിയമസഭാംഗമായ എം. സ്വരാജ് അന്ന് എസ്.എഫ്.ഐ. സിക്രട്ടറിയാണ്. പത്രങ്ങളെല്ലാം ഏറ്റുപിടിക്കുന്ന ഒരു വിവാദമുണ്ടാക്കാൻ വിദ്യാർത്ഥിനേതാവായിരിക്കുമ്പോൾത്തന്നെ കഴിയുക ചില്ലറക്കാര്യമല്ലല്ലോ. സി.പി.എമ്മിനും എസ്.എഫ്.ഐ.ക്കും എതിരേ മാധ്യമങ്ങളിൽ വരുന്നതെല്ലാം 'പിതൃശൂന്യവാർത്ത'കളാണ് എന്ന് അദ്ദേഹം പ്രസംഗിച്ചതാണ് പ്രകോപനം. പച്ചയ്ക്കു പറഞ്ഞാൽ അതു തന്തയ്ക്കുവിളി തന്നെ. പറഞ്ഞതു വാർത്തകളെക്കുറിച്ചാണെങ്കിലും ഉദ്ദേശിച്ചതു മാധ്യമപ്രവർത്തകരെയാണ് എന്നു വിമർശകർ വരുത്തിത്തീർത്തു. അതിൽപ്പിടിച്ച് വിവാദം കൊഴുപ്പിച്ചു. എസ്.എഫ്.ഐ.യുടെ ഒരു വനിതാനേതാവിനെക്കുറിച്ച് എന്തോ ചർച്ച ജില്ലാക്യാമ്പിൽ നടന്നുവെന്ന വാർത്തയാണ് എം. സ്വരാജിനെ ക്ഷുഭിതനാക്കിയത്. സ്വരാജിനെതിരേ രോഷംവളർത്താൻ പ്രമുഖന്മാരുടെ പ്രസ്താവന ചോദിച്ചുവാങ്ങി പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു ചില പത്രങ്ങൾ, പ്രത്യേകിച്ച് മാതൃഭൂമി. കുൽദിപ് നയ്യാർപോലും ഇതെന്തോ വലിയ സംഭവമാണെന്ന മട്ടിൽ പ്രതികരിച്ചു.
