പി.എൻ. മേനോൻ എന്ന മലയാള സിനിമ കണ്ട ധീരനായ ചലച്ചിത്രകാരന് 2008 സെപ്തംബറിലെ ഒൻപതാം ദിവസം കടന്നു മുന്നോട്ടു പോകാൻ കഴിഞ്ഞില്ല. അതിനും നാലു വർഷം മുൻപു വരെ സജീവമായിരുന്ന ആ പ്രതിഭയുടെ വിരഹത്തിന്റെ ഈ പതിനഞ്ചാം വർഷത്തിൽ അദ്ദേഹത്തെ ഓർമ്മിക്കാതെ ഒരു ചലച്ചിത്രാസ്വാദകന് സെപ്തംബർ ഒൻപത് കടന്നു പോകാനും കഴിയില്ല.
മലയാള സിനിമയിലേക്ക് ഭരതൻ ആനയിച്ച ദൃശ്യസൗന്ദര്യത്തിന്റെ വസന്തകാലത്തിന് പണ്ടേ വിത്തു പാകിയ സംവിധായകനായിരുന്നു പാലിശ്ശേരി നാരായണൻകുട്ടി എന്ന പി.എൻ. മേനോൻ. ഭരതന്റെ ചെറിയച്ഛൻ. 1965 മുതൽ 2004 വരെയുള്ള 39 വർഷങ്ങളിലൂടെ മലയാള സിനിമ തൊടാൻ ധൈര്യപ്പെടാതിരുന്ന ആശയങ്ങൾക്ക് അഭ്രരൂപം നൽകി. അറുപതുകളിലും എഴുപതുകളിലും സ്വന്തം സിനിമകളെ മുൻനിർത്തി ഉയർന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും മുന്നിൽ മേനോൻ തലതാഴ്ത്തിയില്ല. അന്നേവരെ ആരും കാണാത്ത ഒരു ദൃശ്യസംസ്കാരത്തിന് അദ്ദേഹം തുടക്കമിട്ട കാലമായിരുന്നു അത്. -മലയാള സിനിമയിൽ യാതൊരു മുൻ മാതൃകയുമില്ലാതെ തന്നെ. വേറിട്ട ഒരു ദൃശ്യബോധത്തിൽ നിന്നുയർന്ന ഒരു നിലപാട്. അടൂരിനും അരവിന്ദനും ജോൺ എബ്രഹാമിനും ബക്കറിനും ടി.വി. ചന്ദ്രനും കെ.ജി. ജോർജിനും ഭരതനും പത്മരാജനും ഒക്കെ നവീനമായൊരു സിനിമാസങ്കൽപ്പം ഉള്ളിലുണരാൻ അത് അടിത്തറയായെന്നുതന്നെ പറയണം.
മണികൗളിന്റെ ദൈർഘ്യമേറിയ നിശ്ചല രംഗങ്ങളിലാണ് സിനിമയുടെ ദർശനം എന്നു ധരിച്ച്, മടുപ്പിക്കുന്ന ആ ശൈലിയിൽ സ്വയം തളച്ചിട്ട്, ആർട് സിനിമ ഒരു മഹാപ്രസ്ഥാനം തന്നെയാകുമ്പോഴും പിൽക്കാലത്ത് എൺപതുകളിലെ പോപ്പുലർ സിനിമാ സംസ്കാരം വലിയ സ്വീകാര്യത നേടുമ്പോഴും അതിനൊക്കെയുള്ള തീ പണ്ടേ ഊതിക്കത്തിച്ച ഒരാളാണ് പി.എൻ മേനോൻ എന്ന് അധികമാരും ഓർമ്മിച്ചതായി തോന്നിയിട്ടില്ല.
