തീരെ ചെറുതായിരിക്കുമ്പോഴാണ് കരുണേട്ടന്റെ അച്ഛൻ മരിക്കുന്നത്. മൂത്തചേട്ടൻ, അന്നെനിക്കു തോന്നുന്നു ആലുവ യു സി കോളജിൽ ഇന്റർ മീഡിയറ്റിനു പഠിക്കുന്നു. ആ ഒരു വർഷം കഴിഞ്ഞ്, പഠിപ്പ് തീർത്ത് ചേട്ടൻ വന്നിട്ടാണ് എല്ലാ ബിസിനസുകളും നോക്കിയതും കരുണേട്ടനെ അമേരിക്കയിൽ പഠിക്കാൻ വിടുന്നതും. ദാമോദരൻ എന്നാണ് ഈ ചേട്ടന്റെ പേര്. ദാമോദരണ്ണന് അച്ഛന്റെ സ്ഥാനമാണുള്ളത്. പിന്നെ ഒരു സിസ്റ്ററുണ്ട്. ആ അക്കയ്ക്ക്, ഇണ്ടീന്നാണ് ഞങ്ങളൊക്കെ പറയുന്നത്– ഇണ്ടീന്നൊരു കഥയുണ്ട്– ഇണ്ടി, എനിക്കു തോന്നുന്നത്, പതിനെട്ടു പത്തൊമ്പതു വയസായപ്പൊഴേ രണ്ടു കുട്ടികളായി; ഭർത്താവു മരിച്ചു. അന്നു മുതല് ഇവരുടെ കൂടെയാണ്. അമ്മ വളരെ നല്ല അമ്മയാണ്. ആരുടെ കാര്യത്തിലും ഒന്നിലും ഇടപെടില്ല. അമ്മേടെ ഒരു ലോകം–അങ്ങനെ. എന്തു കാര്യം പറഞ്ഞാലും ഇണ്ടിയോടു പറയുക– അത് ബ്രദേഴ്സിനെല്ലാവർക്കുമുണ്ട്.
1955 നവംബർ 20–നായിരുന്നു കല്യാണം. ഡിസംബറിൽ ഞങ്ങൾ കോഴിക്കോടിനു പോയി. പിന്നെ ഒരു ഓണം വരണം അല്ലെങ്കിൽ കല്യാണം. അന്നു തിരുവോണം കൊല്ലത്തു പട്ടത്തുവിളേല്, ഞാനൂണും കഴിച്ച് ആലപ്പുഴയിൽ എന്റെ വീട്ടിൽ പോകും. അവിടുന്ന് ചതയം ആകുമ്പഴേ പോകാം പോകാം എന്നു പറയും. അതുകൊണ്ട്, എനിക്കറിയില്ല അധികം കാര്യങ്ങൾ. കൂട്ടുകുടുംബം ആയിരുന്നെന്നറിയാം. മരുമക്കത്തായല്ലേ, അച്ഛൻ മരിച്ചു കഴിഞ്ഞ് എത്രയോ ദിവസാകുമ്പം വീട്ടിൽനിന്നും ഒഴിഞ്ഞു പോകണമായിരുന്നു– എല്ലാരും കൂടെ. ഇതൊക്കെ പറഞ്ഞുള്ള ഓർമ്മയാണ്.
കല്യാണത്തിനുമുൻപ് കഥ ഏതോ ഒന്ന്, പടവുമായിട്ട്, കൗമുദിയിലാണ് ഞാൻ കാണുന്നത്. ദാമോദരണ്ണനും ദിവാകരണ്ണനും ഒപ്പം എന്നെ കാണാൻ വന്നു. കണ്ടു–അത്രേയുള്ളൂ. ഒന്നും പറഞ്ഞില്ല. പിന്നെ എടയ്ക്കെടയ്ക്കങ്ങനെ ചേട്ടനുമൊക്കെയായിട്ടു വരും. ഒന്നും സംസാരിക്കാറില്ല. അന്നൊരു എഴുത്തയച്ചു. കല്യാണം വളരെ ലളിതമായിട്ടു നടത്തണം, അധികം ആളെ ഒന്നും വിളിക്കാൻ പാടില്ല എന്ന്. ഇതു രണ്ടും എന്റെ അച്ഛനോടു പറഞ്ഞാൽ അന്നത്തെ കാലത്ത്– സാധിക്കത്തില്ല. അതുകൊണ്ടിതൊന്നും പറഞ്ഞില്ല. അപ്പോൾ ഡോ. കുഞ്ഞുകൃഷ്ണൻ വന്ന് എന്നോടു ചോദിക്കുന്നു, എന്താ കരുണാകരന്റെ കത്തിനു മറുപടി അയയ്ക്കാത്തത്? ഞാൻ പറഞ്ഞു അയച്ചില്ല. നേരിൽ കാണുമ്പോൾ കാര്യങ്ങൾ പറയും, അത്രേയുള്ളൂ. പിന്നെ എഴുത്തയച്ചുമില്ല. കല്യാണം കഴിഞ്ഞ് ഞാനെന്റെ വീട്ടിൽ വന്നാൽ കത്തെഴുതുമായിരുന്നു. ദിവസവും ദിവസവും ഒരു ലെറ്റർ എഴുതുമായിരുന്നു. ജാതകം നോക്കിയിട്ടാണ് വിവാഹം നിശ്ചയിച്ചത്. ചേട്ടന് ജാതകത്തിൽ വലിയ വിശ്വാസമായിരുന്നു. അച്ഛനും വലിയ വിശ്വാസമായിരുന്നു. ജാതകം നോക്കിയേ വിവാഹം നിശ്ചയിക്കുമായിരുന്നുള്ളൂ. അന്ന്, കണ്ടുപോയിക്കഴിഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു: ഇഷ്ടപ്പെട്ടോ എന്ന്. എല്ലാവർക്കും ഇഷ്ടമാണെങ്കിൽ എനിക്കും ഇഷ്ടമാണെന്നുപറഞ്ഞു.
