'ഗ്രാമം' ട്യൂട്ടോറിയലും ബക്കര്‍ മാഷിന്റെ അടിയും

Memoir

'ഗ്രാമം' ട്യൂട്ടോറിയലും ബക്കര്‍ മാഷിന്റെ അടിയും


'ഗ്രാമം' എന്ന് പേരുള്ള ഒരു ഗ്രാമമുണ്ട്. ഗ്രാമത്തിലെ അമ്പലം, ഗ്രാമം പോസ്റ്റോഫീസ് തുടങ്ങിയ പദപ്രയോഗങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ സാധാരണമാണ്. അവിടെയാണ് ഞാന്‍ പഠിച്ച വെളിയങ്കോട് ഗവണ്‍മെന്റ് സ്‌കൂള്‍. അന്ന് ഹൈസ്‌കൂള്‍ ആണ്. ഇന്ന് ചുറ്റുമതില്‍ കെട്ടി ഗോപുരം വെച്ച് വലിയ ഗേറ്റ് തുറന്ന് കാണുന്ന ഹയര്‍ സെക്കന്ററി സ്‌കൂള്‍.

ഈയുള്ളവന്‍ അഞ്ചാം തരത്തിലേക്ക് കടക്കുന്നതും ആദ്യമായി വെളിയങ്കോട് സ്‌കൂള്‍ കാണുന്നതും 1998-ലാണ്. വലിയ മൈതാനം, അരികത്ത് നിലം തൊട്ടു നില്‍ക്കുന്ന മാവുകള്‍, ഓട് മേഞ്ഞ ക്ലാസ് മുറികള്‍, ക്ലാസുകളെ വേര്‍ത്തിരിക്കുന്ന അരമതിലുകള്‍. എന്നാല്‍ ഈ കഥയിലെ ഹീറോ വെളിയങ്കോട് സ്‌കൂളല്ല. സ്‌കൂളിന്റെ മുന്‍വശത്തായി ചേക്ക് മുക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം ട്യൂട്ടോറിയലാണ്.

പനമ്പ് കൊണ്ട് മറച്ച ക്ലാസ് മുറികളുള്ള ഓല മേഞ്ഞ ചെറിയ ഒരു പുര. അതിന്റെ ഉടമസ്ഥന്‍ അവിടുത്തെ തന്നെ അദ്ധ്യാപകനായ ബക്കര്‍ മാഷാണ്. ബക്കര്‍ മാഷ്, കളത്തിപ്പറമ്പിലെ ആണ്. കളത്തിപ്പറമ്പുകാര്‍ പ്രമാണിമാരാണ്. ഞാന്‍ ആദ്യമായി ടര്‍ക്കി കോഴിയെ കണ്ടത് അവരുടെ പുരയിടത്തില്‍ നിന്നാണ്.


Related Articles