നന്ദി.. ജീവിതം മാറ്റിമറിച്ച ആ ഉള്‍വിളിക്ക്, വഴിയില്‍ താങ്ങായ സുഹൃത്തിന്

Memoir

നന്ദി.. ജീവിതം മാറ്റിമറിച്ച ആ ഉള്‍വിളിക്ക്, വഴിയില്‍ താങ്ങായ സുഹൃത്തിന്


ഇരുപത്തഞ്ച് വര്‍ഷം മുമ്പ് ആയിരുന്നു ബാംഗ്ലൂരിലേക്കുള്ള ആ യാത്ര. ജോലി തേടിയുള്ള നാടുവിടല്‍. അതായത് രണ്ടായിരാമാണ്ട് ഫെബ്രുവരി പതിമൂന്നിന് ആയിരുന്നു അത്. അന്നെനിക്ക് പതിനെട്ട് വയസ്സ് പൂര്‍ത്തിയായ വര്‍ഷം കൂടിയായിരുന്നു.

പതിനഞ്ചാം വയസ്സുവരെ ഒറ്റയ്ക്ക് ദൂരെയാത്ര ചെയ്യാത്തവനായിരുന്നു ഞാന്‍. വീട്ടില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെയുള്ള പെരിങ്ങോം ടൗണിലെ പാരലല്‍ കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കാനായി ചേര്‍ന്നു. രണ്ട് ദിവസം ക്ലാസില്‍ പോയി നോക്കി. പിന്നെ വിട്ടു.

വീട്ടിലുള്ള റേഡിയോ കേടാകുമ്പോള്‍ അച്ഛന്‍ അതുകൊണ്ട് ദൂരെയുള്ള ടെക്‌നീഷ്യന്റെ വീട്ടിലും ഷോപ്പുകളിലും പോകാറുണ്ട്. സ്വന്തം 'ചികിത്സ' ഫലിക്കാതെ വരുമ്പോഴാണ് അത്. കൂടെ ഞാനും പോകും. റേഡിയോ സ്‌ക്രൂ അഴിച്ച് ചത്തുകിടക്കുന്ന റേഡിയോ ശബ്ദിപ്പിക്കുന്നത് കൗതുകത്തോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്. കേടായ സ്പീക്കറും, ഉപയോഗശൂന്യമായ സര്‍ക്ക്യൂട്ട് ബോര്‍ഡും സര്‍വ്വീസ് സെന്ററില്‍ നിന്നും ചോദിച്ച് വാങ്ങിയിട്ടാണ് മടക്കയാത്ര. വീട്ടിലെത്തിയാല്‍ അതിന്മേലാണ് കളിയും പരീക്ഷണവും. അങ്ങനെയാണ് ആ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കാനുള്ള ആഗ്രഹം ജനിച്ചത്. പത്താം തരം കഴിഞ്ഞ് രണ്ട് മൂന്ന് കടയിലും വ്യക്തികളുടെ അടുത്തും സഹായി ആയി നിര്‍ത്തിക്കാന്‍ അച്ഛന്‍ ശ്രമിച്ചതാണ്. വിദ്യാഭ്യാസ യോഗ്യതയും അനുഭവസമ്പത്തും ഇല്ലാത്തതിനാല്‍ അതിനുള്ള സാഹചര്യം ലഭിച്ചിരുന്നില്ല. എങ്കിലും കൂലിപ്പണിക്കാരനായ അച്ഛന്‍ എന്റെ ആഗ്രഹത്തിനനുസരിച്ച് പഠിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.


Related Articles