മൗനം കൊണ്ടാകാശം തീർത്ത കൂടല്ലൂർക്കാരൻ

Memoir

മൗനം കൊണ്ടാകാശം തീർത്ത കൂടല്ലൂർക്കാരൻ


ജൂലൈ 15 നിളയുടെ പ്രിയപ്പെട്ട കഥാകാരൻ എം ടി വാസുദേവൻ നായരുടെ പിറന്നാൾ ദിനം. എന്തെങ്കിലുമൊക്കെ എഴുതാതിരിക്കാൻ മനസ്സനുവദിക്കുന്നില്ല. ഓർമ്മകളുടെ കുത്തൊഴുക്ക് ഇന്നലെ തൊട്ടെന്നെ വീർപ്പുമുട്ടിക്കുന്നു. എം.ടി. അച്ഛച്ചൻ ഞങ്ങളുടെ കുട്ടിക്കാലം തൊട്ടൊഴിച്ചുകൂടാനാവാത്ത ഒരു അദ്ധ്യായം തന്നെയാണ്.

ഒരുപാട് സംസാരിക്കുന്ന പ്രകൃതമല്ലെങ്കിലും തുഞ്ചൻ പറമ്പിലെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ഭയത്തോടെയും ബഹുമാനത്തോടെയും കയറുമ്പോൾ അദ്ദേഹത്തിൻ്റെ നോട്ടത്തിലും മുഖത്ത് വിടരുന്ന നിഷ്കളങ്കമായ ഭാവദേദങ്ങളിലും വാത്സല്യം തുളുമ്പാറുണ്ട്. 'ആാ' എന്ന ശബ്ദത്തിൽ എല്ലാം വ്യക്തമാണ്. ഇന്ന് ആ ഒഴിഞ്ഞ മുറിയിലേക്ക് എത്തി നോക്കുമ്പോൾ ഭയപ്പെടാൻ ആരുമില്ലല്ലോ എന്ന തോന്നൽ, എന്നെയും ഒഴിഞ്ഞ കസേരയെയും എന്തിന് തുഞ്ചൻ പറമ്പിലെ ഓരോ മണൽതരിയെ പോലും ഓരോ നിമിഷവും വേദനിപ്പിക്കുന്നുണ്ടാവും.

മുമ്പ് ഒരിക്കൽ 'നിൽക്കു' വെന്ന് സ്നേഹത്തോടെ പറഞ്ഞുകൊണ്ട് തൻ്റെ പ്രിയപ്പെട്ട ശേഖരത്തിൽ നിന്നൊരു പേന എനിയ്ക്കായി സമ്മാനിച്ചത് എന്തു കൊണ്ടാവാം, എന്നൊർക്കുന്നത് ഇന്നും കൗതുകമാണ്. സ്കൂൾ കുട്ടിയായ എന്റെ അശ്രദ്ധകൊണ്ട് ഒരിക്കലും തിരിച്ചു കിട്ടാത്ത അമൂല്യനിധിയാണല്ലോ ഞാൻ ഇല്ലാതാക്കിയത് എന്നോർക്കുമ്പോൾ നഷ്ടബോധം. ഞാൻ സ്കൂളിൽ പഠിക്കുന്ന കാലഘട്ടത്തിൽ ഉണ്ടായ തുഞ്ചൻ ബാലസമാജത്തിന്റെ ക്യാമ്പിൽ അദ്ദേഹത്തിന്റെ മുന്നിൽ എന്റെ കഥയും കവിതയും വായിക്കാൻ സാധിച്ചു. ഞങ്ങളുടെ ഒരു ബന്ധുവിന്റെ കല്യാണത്തിന് തിരൂരിൽ നിന്നും ഗുരുവായൂർ വരെ എം ടി അച്ഛച്ചന്റെ കാറിൽ യാത്ര ചെയ്യുകയുണ്ടായി. ഗുരുവായൂർ എത്താനായപ്പോൾ ഒരു കൂട്ടം ആളുകൾ ഫ്രണ്ട് സീറ്റിലെ ഗ്ലാസ്സിനോട് ചേർന്ന് 'എം ടി സർ 'എന്ന് കൗതുകത്തോടെ മന്ത്രിച്ചു. ഗ്ലാസ് താഴ്ത്തിയതും കുറെ ക്യാമറകൾ ചിമ്മി. എം ടി എന്ന കലാകാരന്റെ ശക്തിക്ക് ഊന്നൽ കൊടുക്കുന്ന കാഴ്‌ച്ചയായിരുന്നു അത്.


Related Articles