ഒൻപതാം ക്ലാസ്സിലെ ആദ്യ പരീക്ഷ കഴിഞ്ഞു. മിക്ക കുട്ടികളെയും പോലെ കണക്ക് എന്ന വിഷയം എനിക്ക് പേടി സ്വപ്നമായിരുന്നു. ഞാൻ ക്ലാസ്സിലെ നല്ലൊരു പഠിത്തക്കാരി ഒന്നും ആയിരുന്നില്ല. ക്ലാസ് ടെസ്റ്റ് കഴിഞ്ഞു കണക്കിന് മാർക്ക് വന്നപ്പോൾ എനിക്ക് അമ്പതില് നാല്. അതുകൊണ്ടു തന്നെ നാലു ദിവസം ഞാൻ ഇത് ആരോടും പറയാതെ നടന്നു. പക്ഷേ പ്രോഗ്രസ് കാർഡ് ഒപ്പിടീക്കണമല്ലോ. ഒരു ഞായറാഴ്ച അമ്പലത്തിൽ പോയി വരുന്ന വഴി ഞാൻ ആ സത്യം അമ്മയോട് വെളിപ്പെടുത്തി. മോൾക്ക് കണക്കിന് മാർക്ക് നാല് മാത്രമാണെന്ന് അമ്മയ്ക്ക് വിശ്വസിക്കാൻ പ്രയാസം.
ജസ്റ്റ് പാസ്സ് മാർക്ക് പോലും വാങ്ങാതെ തോറ്റു മുന്നിൽ നിൽക്കുന്ന മകളെ നോക്കി അമ്മ നെടുവീർപ്പിട്ടു. എങ്കിൽ ഇനി നിന്നെ ട്യൂഷനാക്കാം. അമ്മ പറഞ്ഞു നിർത്തി. അന്ന് തന്നെ ഉച്ചയ്ക്ക് ശേഷം എന്നെ ട്യൂഷൻ ടീച്ചറിന്റെയടുത്ത് കൊണ്ടു പോയി. ഞങ്ങൾ അവിടെയെത്തിയപ്പോൾ ഊണ് കഴിക്കുകയായിരുന്ന ടീച്ചർ, ഇരിക്കൂ.ഞാൻ ഇപ്പോൾ വരാമെന്നു പറഞ്ഞു. അവിടം നോക്കി കാണുകയായിരുന്നു ഞാൻ. ബെഞ്ച്, ഡെസ്ക്ക്, ബ്ലാക്ക്ബോർഡ്, ചോക്ക്, ഡസ്റ്റർ പിന്നെ വലിയ ഒരു ചൂരലും. എന്തു കൊണ്ടോ ആ ചൂരൽ ആയിരുന്നു എന്നെ ഏറ്റവും കൂടുതൽ അന്ന് ആകർഷിച്ചത്.
ഊണ് കഴിഞ്ഞു വന്ന ടീച്ചർ അമ്മയുമായി വളരെ സൗഹൃദത്തോടെ കുറെ നേരം സംസാരിച്ചു. നാളെ മുതൽ ക്ലാസ്സിനു വിട്ടോളു എന്ന് പറഞ്ഞു. അടുത്ത ദിവസം മുതൽ കൂട്ടുകാരുടെ കൂടെ ഞാനും ട്യൂഷന് പോകാൻ തുടങ്ങി. രണ്ട് ദിവസം സന്തോഷത്തോടെ സംസാരിച്ച് ക്ലാസ് എടുത്ത ടീച്ചർ പിന്നെ അങ്ങോട്ട് നാഗവല്ലിയായി മാറാൻ തുടങ്ങി. ജുറാസിക് പാർക്കിലെ ദിനോസറിന്റെ മുന്നിൽ പെട്ടതുപോലെ ഞാൻ കിടന്നു പിടഞ്ഞു.
