ജസീബിൻ്റെ ഉമ്മുവും ലേബർ ക്യാമ്പിലെ നോമ്പുതുറയും

Memoir

ജസീബിൻ്റെ ഉമ്മുവും ലേബർ ക്യാമ്പിലെ നോമ്പുതുറയും


മിറേറ്റ്സ് എഞ്ചിനീറിംഗിൽ കുറച്ചു കാലം പെയ്ൻ്റ് ഹാങ്ഗറിലാണ് ജോലി ചെയ്തിരുന്നത്. ക്യാമ്പിൻ മെയിൻ്റനൻസിനെ താരതമ്യപ്പെടുത്തുമ്പോൾ പെയ്ൻ്റ് ഷോപ്പിലെ ജോലി കുറച്ച് കടുപ്പമേറിയതായിരുന്നു. അവിടെ സഹായികളായി ട്രാൻസ്ഗാർഡ്‌ എന്ന സെക്യൂരിറ്റി കമ്പനിയിലെ നേപ്പാളികളും പാക്കിസ്ഥാനികളും ആഫ്രിക്കക്കാരുമായ ജോലിക്കാരുമുണ്ടായിരുന്നു. ചെറിയ ശമ്പളമായിരുന്നതിനാൽ കുറച്ചു ബുദ്ധിമുട്ടിയാണവരൊക്കെ ജീവിച്ചിരുന്നത്. അൽ ഐൻ റോഡിൽ ഒട്ടക മ്യൂസിയത്തിനടുത്തൊരു മരുഭൂമിയിലെ ക്യാമ്പിലായിരുന്നു അവരുടെ താമസം. ഞങ്ങളുടെ വിഭാഗത്തിൽ ജസീബ് ഖാൻ എന്നൊരു പാക്കിസ്ഥാനി പയ്യനാണ് എല്ലായ്പ്പോഴും സഹായത്തിനുണ്ടാകുന്നത്. ബോഡി ബിൽഡിംഗിൽ താല്പര്യമുണ്ടായിരുന്ന അവന് എത്ര ഭക്ഷണം കഴിച്ചാലും മതിവരില്ലായിരുന്നു. അവധി ദിവസങ്ങളിൽ അവൻ ഏതോ ജിമ്മിൽ പോകുന്നുണ്ടെന്ന് പറയാറുണ്ട്. ഞങ്ങളെ സഹായിക്കാൻ നില്ക്കുന്നതിനാൽ അവൻ്റെ ഉച്ചഭക്ഷണം പലപ്പോഴും ഞങ്ങൾ വാങ്ങിക്കൊടുക്കും.

ബലൂചിസ്ഥാനാണ് ജസീബിൻ്റെ നാട്. പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായിട്ടും, ഏറ്റവും കുറഞ്ഞ ജനങ്ങൾ വസിക്കുന്ന ഒരു പ്രദേശവുമാണത്. ബലൂചിസ്ഥാനിലെ ഭൂപ്രകൃതിയും, സംസ്കാരവും, സമ്പദ്‌വ്യവസ്ഥയും എല്ലാം തന്നെ പ്രത്യേകതകളും വെല്ലുവിളികളുമുള്ളവയാണ്. അവിടുത്തെ ഭൂപ്രകൃതി, പ്രധാനമായും പർവ്വതങ്ങളും, മരുഭൂമിയും വരണ്ട പ്രദേശങ്ങളും ഉൾക്കൊള്ളുന്നതാണ്. മഴയില്ലായ്മയും, തീവ്രമായ ചൂടും പതിവാണ്. ശൈത്യകാലത്ത് ചിലപ്പോൾ തണുപ്പുകൂടിയ കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ മറ്റു പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നത് പതിവാണ്. തൻ്റെ കുട്ടിക്കാലത്തെ കൂട്ടുകാരെല്ലാം ഇത്തരത്തിൽ മറ്റ് ദേശങ്ങളിലേക്ക് പോയവരാണെന്ന് ജസീബ് പറയുമായിരുന്നു. അക്കൂട്ടത്തിൽ അവൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയും ഉണ്ടായിരുന്നു.

ജസീബിൻ്റെ ഉപ്പു അവൻ്റെ കുട്ടിക്കാലത്ത് തന്നെ മറ്റൊരു വിവാഹം കഴിച്ച് മറ്റൊരു ദേശത്ത് താമസം തുടങ്ങിയിരുന്നു. വല്ലപ്പോഴും ഭാര്യയേയും രണ്ടു മക്കളേയും കാണാൻ വരുമെങ്കിലും അയാളെക്കൊണ്ട് ആ കുടുംബത്തിന് സഹായമൊന്നും ലഭിക്കാറില്ല. മലയടിവാരത്തിലെ അവരുടെ വീടിന് പുറക് വശത്തെ ഇത്തിരിയിടത്തിൽ തക്കാളി കൃഷി ചെയ്തും ഗ്വാദർ കടലിടുക്കിൽ മീൻ പിടിച്ചുമൊക്കെയാണ് ഉമ്മു അയാളെയും അനിയത്തിയേയും വളർത്തിയത്. ഉമ്മു പിടിച്ചു കൊടുക്കുന്ന ചെറുമീനുകൾ സമീപ പ്രദേശമായ തുറമുഖത്തിനോട് തൊട്ടു കിടക്കുന്ന പ്രധാനപ്പെട്ട മീൻമാർക്കറ്റിൽ കൊണ്ടുപോയി വിൽക്കുന്നത് ജസീബാണ്. ചെറിയ ക്ലാസിൽത്തന്നെ വിദ്യഭ്യാസം നിറുത്തിയ ജസീബിന് അനിയത്തിയെ പഠിപ്പിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു.


Related Articles