ഉമർ ലുത്ഫി സ്ട്രീറ്റ് മുതലേ 'കഫാഫി'യുടെ വീട് അന്വേഷിക്കാൻ തുടങ്ങിയതാണ് ഡ്രൈവർ ഖാലിദ്. സോവിയറ്റ് നിർമിത പഴഞ്ചൻ ലാഡകാറിനുള്ളിൽനിന്ന് തലയിട്ട് കടകളിലേക്കും വഴിയേ പോകുന്നവർക്കു നേരേയും അയാൾ ചോദ്യമെറിഞ്ഞുകൊണ്ടേയിരുന്നു. പലരും പലവഴി പറഞ്ഞു. അവർ പറഞ്ഞിടത്തുകൂടിയൊക്കെ കുഞ്ഞൻ ലാഡ കിതച്ചുപാഞ്ഞു. ഒരേ സ്ഥലത്ത് കിടന്നുതന്നെ കറങ്ങുകയാണെന്നു തോന്നിയപ്പോൾ തെല്ല് നീരസത്തോടെ ഖാലിദിനോട് പറഞ്ഞു: 'കഫാഫി' അല്ല, 'കവാഫി'യാണെന്ന് എത്ര വട്ടം പറഞ്ഞതാണ്. എത്രയെത്രെയോ ജനതതികൾ കാലങ്ങളിൽ തുഴഞ്ഞുവന്ന അലക്‌സാൻഡ്രിയയുടെ ചരിത്രഭാരം മുഴുവൻ പേറുന്ന ആ വട്ടമുഖത്തപ്പോഴും നിസ്സംഗഭാവംതന്നെ. കൈറോയിലോ ദാമൻഹുറിലോ മൻസൂറയിലോ കാണുന്ന സാധാരണ ഈജിപ്തുകാരന്റെ മുഖമല്ല, അലക്‌സാൻഡ്രിയക്കാരന്. മിസ്‌രി, അറബ്, ഗ്രീക്ക്, ഇറ്റാലിയൻ, ഫ്രഞ്ച്, മഗ്‌രിബി ഛായകളുടെ മിശ്രണം. ഏതെല്ലാം സാമ്രാജ്യങ്ങൾ ഈ തീരത്തേക്ക് അടിഞ്ഞിരിക്കുന്നു. അവരൊന്നും ഇവിടെനിന്ന് പോയിട്ടില്ല. അവരുടെ കാൽപ്പാടുകൾ ഇന്നുമിവിടെ ശേഷിക്കുന്നു, നഗരത്തിലെ കെട്ടിടങ്ങളായും, വഴിയിൽ കാണുന്നവന്റെ മുഖഭാവമായും.
ആ കഥകൾ കവിതകളാക്കിയ ഒരാളുടെ വീട് തേടിയിറങ്ങിയതാണ് രാവിലെ, ഖാലിദിന്റെ കാറിൽ. ഒടുവിൽ എന്തോ ചിന്തിച്ചുറപ്പിച്ചതുപോലെ സലാഹ് മുസ്തഫ സ്ട്രീറ്റിലേക്ക് ഖാലിദ് കാർ തിരിച്ചുവിട്ടു. ഒരുവാഹനത്തിനു മാത്രം പോകാനാകുന്ന ഇടുങ്ങിയ റോഡിൽ പെട്ടെന്ന് കാർ നിർത്തി അയാൾ എവിടേക്കോ ഇറങ്ങിപ്പോയി. പിറകിൽനിന്ന് കാറുകളുടെ നീണ്ട ഹോൺശബ്ദം മുഴങ്ങാൻ തുടങ്ങി. അധികം കഴിയും മുമ്പ് അതിനിടയിലൂടെ വിജയീഭാവത്തിൽ ഖാലിദ് തിരിച്ചുവന്നു. പഴയ യൂനാൻ (ഗ്രീക്ക്) ആശുപത്രിക്ക് സമീപമാണത്രെ കവാഫിയുടെ വീട്. അടുത്തുതന്നെ. ശറം അൽ ശൈഖ് സ്ട്രീറ്റിലാണ് ഗ്രീക്ക് ആശുപത്രി. നൂറുവർഷം മുമ്പ് ഈ പാതയുടെ പേര് റ്യൂ ലെപ്‌സിയസ് എന്നായിരുന്നു. കവാഫിക്ക് അറിയാമായിരുന്നതും ഈ പേരുതന്നെയാകും.
സി.പി. കവാഫിയെന്ന കോൺസ്റ്റന്റൈൻ പീറ്റർ കവാഫി. ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായൻ. പൂർത്തിയാക്കിയ വെറും 154 കവിതകൾകൊണ്ട് ഗ്രീക്കിനെയും പിന്നീട് മരണശേഷം വിവർത്തനത്തിലൂടെ ഇംഗ്ലിഷിനെയും പിടിച്ചുകുലുക്കിയ അസാമാന്യപ്രതിഭ. അശാന്തനായി ജീവിച്ച് അസ്വസ്ഥമായി മരിച്ചുപോയ അന്തർമുഖൻ. മരണമെത്തിയ 70-ാം വയസ്സിലും ഒരു കവിതപോലും പുസ്തകമായി അച്ചടിക്കാൻ ധൈര്യം കാട്ടാതിരുന്ന കാവ്യഭീരു. ഒരു കവിതയും പൂർണമല്ലെന്നും പിൽക്കാലത്ത് പുതുക്കി പൂർണമാക്കേണ്ടതെന്നും കരുതിയ ഉദാത്തവാദി. അദ്ദേഹം ജീവിതത്തിന്റെ അവസാനത്തെ മൂന്നു പതിറ്റാണ്ടുകൾ ചെലവഴിച്ച ഫ്ലാറ്റ് ഇപ്പോൾ കവാഫി മ്യൂസിയം ആണ്. നാലുനില കെട്ടിടത്തിലെ രണ്ടാം നിലയിലാണ് കവാഫിയുടെ വീട്.
