അരങ്ങിലെ ചുവടുകളും അനുഗ്രഹിക്കപ്പെട്ട സ്മരണകളും

Memoir

അരങ്ങിലെ ചുവടുകളും അനുഗ്രഹിക്കപ്പെട്ട സ്മരണകളും


ലയും കാലവും കൈകോർക്കുന്ന കലോത്സവ വേദികൾ ഓരോ മലയാളിപ്പൈതലിന്റെയും മനസ്സിൽ മായാത്ത മഷിയാൽ എഴുതപ്പെട്ട ഓർമ്മപുസ്തകങ്ങളാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവം നമ്മുടെ സ്വന്തം തൃശൂരിന്റെ മണ്ണിൽ അരങ്ങേറിയപ്പോള്‍ (2026 ജനുവരി 14-18), അത് കേവലം ഒരു മത്സരമായല്ല, മറിച്ച് തലമുറകളുടെ വികാരമായാണ് പെയ്തിറങ്ങിയത്. ആധുനികമായ വെളിച്ചവിന്യാസങ്ങളോ, എൽ.ഇ.ഡി സ്ക്രീനുകളോ ഇല്ലാതിരുന്ന ഒരു കാലത്ത്, പരിമിതമായ സൗകര്യങ്ങൾക്കിടയിലും ഹൃദയം കൊണ്ട് കലയെ പ്രണയിച്ചവരായിരുന്നു നമ്മള്ളില്‍ പലരും. വിറയാർന്ന കൈകാലുകളോടെ സ്റ്റേജിലേക്ക് നടന്നുകയറിയതും, പാടാൻ മറന്ന വരികളെ ഓർത്തെടുക്കാൻ പാടുപെട്ടതും, ജയിച്ചിട്ടും തോറ്റും കരഞ്ഞുപോയതുമായ ആ കൗമാരകാലം എത്ര മനോഹരമായിരുന്നു! പഴയ വിദ്യാലയമുറ്റത്തെ ആ മണമുള്ള ഓർമ്മകളിലൂടെയുള്ള ഒരു തിരിച്ചുപോക്കാണിത്.

ഹിന്ദു യു.പി സ്കൂളിൽ പഠിക്കുന്ന കാലത്താണ് കലോത്സവ മത്സരങ്ങളുടെ ആവേശത്തിലേക്ക് ഞാൻ ആദ്യമായി ഇറങ്ങിച്ചെല്ലുന്നത്. സ്കൂൾ മുറ്റത്ത് ഉത്സവലഹരി നിറയുന്ന ആ നാളുകളിൽ, എന്തെങ്കിലുമൊക്കെ മത്സരങ്ങളിൽ പങ്കെടുക്കണമെന്ന വാശി എനിക്കുണ്ടായിരുന്നു. എഴുത്തോ വരയോ പാട്ടോ എന്തുമാകട്ടെ, കലയോടുള്ള ആ കൊച്ചു താല്പര്യം എന്നെ ചുമർച്ചിത്ര രചനയിലേക്കും കവിത ചൊല്ലലിലേക്കും തിരുവാതിരക്കളിയിലേക്കുമൊക്കെ എത്തിച്ചു. അന്ന് കലോത്സവത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ ബിന്ദു ടീച്ചർ നൽകുന്ന ഒരു ആത്മവിശ്വാസമുണ്ട്. മത്സരത്തിന് പുറപ്പെടുന്നതിന് മുൻപ് ഞങ്ങളെ ഓരോരുത്തരെയും അരികിൽ വിളിച്ച് ടീച്ചർ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുമായിരുന്നു. അത് വെറുമൊരു പ്രാർത്ഥനയായിരുന്നില്ല, മറിച്ച് സ്റ്റേജിലെ പേടി മാറ്റാൻ ഞങ്ങൾക്ക് ലഭിച്ചിരുന്ന വലിയൊരു മരുന്നായിരുന്നു. ടീച്ചറുടെ ആ കരുതൽ നിറഞ്ഞ സ്പർശനം ഏൽക്കുമ്പോൾ മനസ്സിലെ സകല പരിഭ്രമങ്ങളും മാറി പുതിയൊരു ഊർജ്ജം നിറയുന്നത് അന്ന് ഞാൻ അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

തിരുവാതിരക്കളിക്ക് പങ്കെടുത്ത ഒരു സംഭവം ഇപ്പോഴും ചിരിപടർത്തുന്ന ഒന്നാണ്. സെറ്റ് മുണ്ടും ഉടുത്ത്, മുല്ലപ്പൂവും ചൂടി വട്ടത്തിൽ ചുവടുവെക്കുന്നതിനിടയിൽ എവിടെയോ വെച്ച് എനിക്ക് പിഴച്ചു. എല്ലാവരും ഇടത്തോട്ട് നീങ്ങുമ്പോൾ ഞാൻ മാത്രം വലത്തോട്ട്! താളം തെറ്റിയെന്ന് മനസ്സിലായ നിമിഷം നെഞ്ചിടിപ്പ് കൂടി. സ്റ്റേജിൽ നിന്ന് ഇറങ്ങിയാൽ ടീച്ചർമാരുടെ ശകാരവും കൂടെ കളിച്ച കുട്ടികളുടെ 'കൊത്തിപ്പറിക്കലും' ഓർത്ത് ശരിക്കും പരിഭ്രമിച്ചു. രക്ഷപ്പെടാൻ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോൾ ഞാൻ ഒരു അടവ് പ്രയോഗിച്ചു. സ്റ്റേജിൽ നിന്ന് ഇറങ്ങിയതും ബോധം കെട്ടു വീഴുന്നതായി അഭിനയിച്ചു! "അയ്യോ... മോൾക്ക് സുഖമില്ലാതായതാണ്" എന്ന് പറഞ്ഞ് ടീച്ചർമാരും കുട്ടികളും എന്നെ താങ്ങിയെടുത്തു. എന്റെ അഭിനയം ഗംഭീരമായി മുന്നേറുന്നതിനിടയിലാണ് സാക്ഷാൽ അമ്മ അവിടേക്ക് വരുന്നത്. എന്നെ ഒന്നുകൂർപ്പിച്ചു നോക്കിയിട്ട് അമ്മ പറഞ്ഞു: "നീ ഇങ്ങോട്ട് വായോ, ബാക്കി തലകറക്കം വീട്ടിൽ പോയിട്ട് മതി!" തന്റെ മകളുടെ സകല 'അടവുകളും' അറിയാവുന്ന അമ്മയുടെ ആ ഒരൊറ്റ വാക്കിൽ എന്റെ സ്റ്റേറ്റ് അവാർഡ് ലെവൽ അഭിനയം ചീറ്റിപ്പോയി. അമ്മയുടെ കൈപിടിച്ച് വീട്ടിലേക്ക് നടക്കുമ്പോൾ ആ വഴിയിലത്രയും ഞാൻ അനുഭവിച്ച ചമ്മൽ ഇപ്പോഴും ഓർക്കുമ്പോൾ ചിരിവരും.


Related Articles