അസ്സബാഹ് കോളേജും ഇലക്ഷൻ നടത്തിപ്പും; ഒരു അധ്യാപകന്‍റെ ഓര്‍മ്മകള്‍

Memoir

അസ്സബാഹ് കോളേജും ഇലക്ഷൻ നടത്തിപ്പും; ഒരു അധ്യാപകന്‍റെ ഓര്‍മ്മകള്‍


സ്സബാഹ് കോളേജ് ഏറെ പ്രിയപ്പെട്ടതാണ്; കോളേജിലുള്ളവരും. ജോലിക്ക് കയറിയത് മുതൽ ഇന്നുവരെ രസകരമായ ഒരുപാട് സംഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അതിലൊന്നാണ് 2017-ലെ ഇലക്ഷൻ നടത്തിപ്പ്. 2016-ൽ ഇലക്ഷനോടനുബന്ധിച്ച് ചില അടിപിടി സംഭവങ്ങൾ കോളേജില്‍ ഉണ്ടായതു കൊണ്ട് അക്കൊല്ലം ഇലക്ഷൻ നടന്നില്ല. അങ്ങനെ 2017-ലെ കോളേജ് യൂണിയൻ ഇലക്ഷൻ കാലം വന്നെത്തി. എക്കാലത്തെയും പോലെ അക്കൊല്ലവും ഇലക്ഷൻ സംബന്ധിയായി കോളേജ്‌ കൗൺസിൽ കൂടി.

അതുവരെ ഇലക്ഷന് ചുമതല വഹിച്ചിരുന്ന ഘനഗംഭീരനായ പ്രവീൺ സാർ ഇനി റിട്ടേണിംഗ് ഓഫീസറാകാനില്ലന്ന് കട്ടായം പറഞ്ഞു. അടുത്തതാര് വേണം എന്ന് എല്ലാവരും തല പുകഞ്ഞു ആലോചിച്ചു. കൂട്ടത്തിൽ ഈയുള്ളവനും ആലോചിച്ചു. ആരുടേയൊക്കെയോ പേര് നിർദേശിച്ചു. പെട്ടന്ന് പ്രിൻസിപ്പാൾ അബൂബക്കർ സർ തിരിയുന്ന കസേരയിൽ നിന്ന് ഒന്ന് വലത്തോട്ട് തിരിഞ്ഞു; "ഹരി സാർ ആയാലോ." "അതൊരു മികച്ച തീരുമാനമാണ്" ബൈജു സാറിൻ്റെ സപ്പോർട്ടും. എൻ്റെ ഉള്ളൊന്നു പിടച്ചു. അതുവരെ വല്ലവരുടേയും പേര് പറഞ്ഞ് രസിച്ച ഞാൻ സ്വന്തം പേര് കേട്ടപ്പോൾ ഒന്ന് വിയർത്തു. "ഹരിക്ക് ആണ് ഇപ്പോൾ ഇവിടെ ഒരു ക്ലിയർ ഇമേജുള്ളത്.” കൂട്ടത്തിൽ പ്രവീൺ സാറും.

എല്ലാവരും കൂടെ എന്നെ പെടുത്തിയതാണോ എന്ന സംശയം എനിക്ക് വരുന്നുമുണ്ട്. "സാർ എനിക്ക് തീസിസ് എഴുതി തുടങ്ങാനുണ്ട്. എല്ലതും കൂടി കഴിയില്ല." പ്രിൻസിപ്പാളോട് ഒരു നമ്പറിട്ടു നോക്കി. "ഏയ് സാറിന് അതൊക്കെ കഴിയും." പ്രിൻസിപ്പാൾ മറുപടി പറഞ്ഞു. കൂടുതൽ തർക്കിക്കാൻ പോയില്ല കാരണം ഒരു കാര്യം കൈകാര്യം ചെയ്യാൻ മൂപ്പരെ കഴിഞ്ഞേ വേറെ ആളുള്ളൂ. ആകാശത്തിന് കീഴിലെ ഏത് മണ്ണും ജഗന്നാഥനും അബൂബക്കർ സാറിനും സമമാണ്. എന്നെ വലിയ ഇഷ്ടവുമാണ്. അങ്ങനെ കോളേജ് കൗൺസിലുകളിൽ മൂലക്കിരുന്ന് വെറുതെ ചിരിച്ചിരുന്ന ഞാൻ കോളേജിൻ്റെ റിട്ടേണിംഗ് ഓഫീസറായി. ഫൈനൽ ഇയർ ക്ലാസിലെ മുട്ടാളന്മാരെ പറ്റി ആലോചിച്ചപ്പോൾ ജോലിതന്നെ രാജി വെച്ചാലോ എന്ന ചിന്ത വന്നു. മുൻ വർഷങ്ങളിൽ റിട്ടേണിംഗ് ഓഫീസറായിരുന്ന പ്രവീൺ സർ എനിക്ക് ക്ലാസെടുത്തു.


Related Articles