രഘുവിന്റെ സബീനയും എന്‍റെ സ്കൂള്‍ ഓര്‍മ്മകളും

Memoir

രഘുവിന്റെ സബീനയും എന്‍റെ സ്കൂള്‍ ഓര്‍മ്മകളും


റോസി ടീച്ചറ് നാലാമത്തെ പിരീഡ് ക്ലാസെടുക്കുമ്പോൾ എന്റെ ശ്രദ്ധമുഴുവനും ക്ലാസിന് പുറത്തായിരിക്കും. ഉച്ചകഞ്ഞിക്ക് ബെല്ലടിച്ചാലുടനെ ഇറങ്ങി ഓടാനുള്ള തത്രപാടാണ്... വലിയ വിശപ്പുണ്ടായിട്ടൊന്നുമല്ല എന്നാലും സ്ക്കൂൾ കിണറിന്റെ പിന്നിലുള്ള കഞ്ഞിപ്പുരയുടെ മുന്നിലേക്കുള്ള വരിയിൽ ആദ്യത്തിലെത്തിയില്ലെങ്കിൽ എന്റെ കണക്കുകൂട്ടലൊക്കെ തെറ്റിപോവും എന്നതു കൊണ്ടാണ് ഈ വെപ്രാളം.

വരിയില് പിന്നിലായാൽ പിന്നെ കഞ്ഞി വാങ്ങി കുടിച്ച് പാത്രം കഴുകാൻ ചെല്ലുമ്പൊ കിണറ്റിൻ കരേല് വലിയ തിരക്കാവും ബഹളത്തിനിടക്ക് പാട്ട പിടിച്ച് വെള്ളം കോരി ചോറ്റും പാത്രം കഴുകി ക്ലാസിൽ കൊണ്ടു വെക്കുമ്പോഴേക്കും സമയം കുറെ കഴിയും പിന്നെ കളിക്കാനും കറങ്ങി നടക്കാനുമൊന്നും അധികം സമയം കിട്ടില്ല.

കഞ്ഞി വരിയുടെ ആദ്യത്തിൽ നിന്നാൽ പെട്ടന്ന് കഞ്ഞി കുടിച്ചു തീർത്ത് ചെല്ലുമ്പോൾ കിണറ്റിൻ കരയില് വലിയ തിരക്കുണ്ടാവില്ല വെക്കം കാര്യം കഴിച്ച് സ്ഥലം കാലിയാക്കാം. സ്കൂൾ വളപ്പിനറ്റത്തുള്ള സുഗതൻ മാഷുടെ ക്ലാസിനപ്പുറത്തെ നിസ്ക്കാര പള്ളിയിൽ നിന്ന് ളുഹർ നിസ്ക്കാരത്തിനുള്ള ബാങ്ക് വിളി കേട്ടാൽ ഞാനൊന്ന് ഉഷാറാകും അതൊരു മുന്നറിയിപ്പാണ് ബെല്ലടിക്കാറായി എന്നതിന്റെ മുന്നറിയിപ്പ് ബാങ്ക് വിളി കേൾക്കുന്നതോടെ ടീച്ചറുടെ കണ്ണിൽ പെടാതെ കുനിഞ്ഞിരുന്ന് ബഞ്ചിന് താഴെയിരിക്കുന്ന തൂക്കുപാത്രമെടുത്ത് മൂടി തുറക്കും..


Related Articles