''നിത്യ സുന്ദര നിര്‍വൃതിയായ് നീ
നില്ക്കുകയാണെന്നാത്മാവില്..''
കാഴ്ചകള്‍ എന്നാല്‍ സത്യത്തില്‍ എന്താണ്? കണ്മുന്നില് കാണുന്നവയാണോ, അതോ തലച്ചോറും മനസും കണ്ണിലൂടെ ഒപ്പിയെടുക്കുന്നവയാണോ?
കണ്മുന്നിലൂടെ എന്തെല്ലാം മിന്നിമായുന്നു. മുള്ള്, മുരട്, മൂര്‍ഖന്‍പാമ്പ്, പുല്ല്, പുഴു, പുറ്റ്, പുഷ്പങ്ങള്‍, മണ്ണ്, മഴ, മഞ്ഞ്, വെയില് മരം, വീടുകള്‍, കെട്ടിട്ടങ്ങള്‍, വണ്ടികള്‍.. ഒരു ദിവസം നമ്മുടെ കണ്മുന്നിലൂടെ കടന്നുപോകുന്നവയുടെ പട്ടിക തയ്യാറാക്കുക എന്നത് പോലും അസാധ്യമാണ്.
ദൃശ്യസഞ്ചയങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത പരമ്പരകളിലൂടെ ദിവസേന കടന്നുപോയിട്ടും, ചിലത് മാത്രം നമ്മുക്ക് കാഴ്ചകളാകുന്നു. നീയാ കാഴ്ച കണ്ടില്ലേ?, അതൊരു കാണേണ്ട കാഴചതന്നെയാണ് എന്നൊക്കെ നമ്മള് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കാണുന്ന ശതകോടി സഹസ്രം ദൃശ്യങ്ങളില്‍ ചിലത് മാത്രമാണ് മനസ്സില്‍ കടന്നുകൂടുന്നത് എന്നതാകാം ഒരുപക്ഷേ അതിന് കാരണം. ഒരുപാട് ജീവനക്കാര്‍ ദിവസവും നടക്കുന്ന, എം ജി സര്‍വ്വകലാശാലയിലെ വഴിയരികില്‍ വിരിഞ്ഞ കായാമ്പൂവിന്റെ ഭംഗി മൊബൈലില്‍ ഒപ്പിയെടുത്ത് സ്റ്റാറ്റസ് ഇട്ടപ്പോള്‍ ഇതെവിടെയാണ്? വീട്ടിലെ ആണോ? എന്ന് ചോദിച്ചവരില്‍ അധികവും സര്‍വ്വകലാശാലയിലെ സുഹൃത്തുക്കള്‍ ആയിരുന്നു. മനസ്സില്‍ കൂടി പതിയുന്നതാണ് കാഴ്ച എന്നത് തന്നെയാകും സത്യം. ഇഷ്ടമുള്ളതും ഇഷ്ടമില്ലാത്തതുമായ കാഴ്ചകള്‍ പലര്‍ക്കും പലതുണ്ടാകും.
