സിറ്റൗട്ടിലെ ചാരുകസേരയിൽ അലസമായി ഇരിക്കുന്നത് രസമാണ്. ഇളം തണുപ്പുള്ള പ്രഭാതങ്ങളിൽ പ്രത്യേകിച്ചും. പത്രവായനക്കിടയിലോ കട്ടൻ ചായ ഗ്ലാസ് പാതിയാക്കിയോ തൊട്ടു മുന്നിലെ റോഡിലെ കാഴ്ചകൾ കാണുന്നത് ഏറെ പ്രിയം. വീട്ടുമുറ്റത്ത് അതിരിട്ട ചെമ്പരത്തി ചെടികൾക്കിടയിലൂടെ റോഡിലെ മനുഷ്യരുടെ ഒഴുക്ക് കണ്ടിരിക്കാം. രാവിലെയാണെങ്കിൽ നഴ്സറി തൊട്ട് ഡിഗ്രിവരെ പഠിക്കുന്ന കുട്ടികൾ നടന്നും സൈക്കിളിലും ബൈക്കിലും ഓട്ടോയിലും ബസ്സിലുമായി കടന്നുപോകും. ചെറിയ കുട്ടികളാണെങ്കിൽ ചെടികളോടും പൂമ്പാറ്റകളോടും, ചില നേരം അവനവനോട് തന്നെയും കിന്നാരം പറഞ്ഞ് അലസഗമനം നടത്തും.
ഇത്തിരി മുതിർന്ന യുപി, ഹൈസ്കൂൾ കുട്ടികളാണെങ്കിൽ പരസ്പരം കൈകോർത്തും തമാശ പറഞ്ഞും പരിസരം മറന്ന് റോഡ് നിറഞ്ഞ് നടക്കും. ഇടക്ക് വാഹനം നിർത്താതെ ഹോണടിക്കുമ്പോഴേ അവർ യാഥാർത്ഥ്യത്തിലേക്ക് തിരികെയെത്തി വാഹനത്തിന് കടന്ന് പോവാൻ ഇടം അനുവദിക്കൂ. പ്ലസ് ടു, കോളേജ് വിദ്യാർഥികളാണെങ്കിൽ സംസാരം കുറച്ച് കണ്ണ് കൊണ്ടും ആംഗ്യങ്ങളിലൂടെയും കൂടുതൽ സംവേദനം നടത്തും. കുട്ടികൾ ഏത് ക്ലാസ്സിലാവട്ടെ, യൂണിഫോമിൽ ആണെങ്കിലും അല്ലെങ്കിലും വർണ്ണ ഭംഗിയുള്ള വസ്ത്രങ്ങൾ അണിഞ്ഞ സുന്ദരിമാരും സുന്ദരന്മാരും തന്നെ!. ബാഗുകൾ പല നിറത്തിലും വലിപ്പത്തിലും ഉണ്ടാകും, പലതും ബ്രാൻഡഡ് കമ്പനിയുടേത് ആവും. ഭാവി ഭൂത കാലങ്ങളെക്കുറിച്ച് ഒട്ടും ആശങ്കപ്പെടാതെ വർത്തമാന കാലത്ത് ജീവിക്കുന്ന ഭാഗ്യവാന്മാർ!
ഒരു വേള സ്വന്തം കുട്ടിക്കാലത്തെക്കുറിച്ച് നാമറിയാതെ ചിന്തിച്ചു പോകും. അരനൂറ്റാണ്ട് മുമ്പുള്ള ഇല്ലായ്മയുടേയും വല്ലായ്മയുടെയും കാലം. യൂണിഫോം അന്ന് ഇല്ലായിരുന്നു. വസ്ത്രങ്ങളിൽ വൈജാത്യം കുറവ്. ചെറിയ ആൺകുട്ടികൾ മുട്ടോളമുള്ള വള്ളി ട്രൗസറോ സാദാ ട്രൗസറോ ഉടുക്കും. അല്ലെങ്കിൽ വെള്ള മുണ്ട്. പെൺകുട്ടികൾ ആണെങ്കിൽ പാവാടയും കുപ്പായവും. വർണ ഭംഗി തീരെ കുറവ്, ചിലതൊക്കെ നരച്ച് കളർ മങ്ങിയിരിക്കും. കീറിയ ഉടുപ്പ് തുന്നിക്കൂട്ടിയായിരുന്നു പലരും ധരിക്കുന്നത്. ഇന്നത്തെ പാൻ്റ്സും ചുരിദാറും മറ്റും അന്ന് കേട്ട് കേൾവി പോലും ഇല്ലായിരുന്നു. എനിക്കാണെങ്കിൽ കുട്ടിക്കാലം ജോലിത്തിരക്കിൻ്റേത് കൂടിയായിരുന്നു. രാവിലെ മദ്രസ, കഴിഞ്ഞു വന്നാൽ ആടിനെ താഴെ വളപ്പിൽ കൊണ്ട് പോയി കെട്ടണം. പിന്നെ സ്കൂൾ. തിരികെ വന്നാൽ ആടിന് വെള്ളം കൊടുക്കൽ, മേയ്ക്കൽ, തിരികെ കൂട്ടിലേക്ക് കൊണ്ട് പോയി കെട്ടൽ. പലചരക്ക് കടയിൽ പോകണം. പറ്റുകാരൻ ആയത് കൊണ്ട് റൊക്കം കാശുകാരെ കഴിഞ്ഞേ സാധനം കിട്ടൂ. ഇടക്ക് റേഷൻ കടയിൽ പോകണം. മുതിർന്നപ്പോൾ ആടിന് പകരം പശു ആയി. പുല്ലരിയൽ കൂടി പണിപ്പട്ടികയിൽ ഇടം പിടിച്ചു.
