ഇടുക്കിക്കാലം

Memoir

ഇടുക്കിക്കാലം


ഒട്ടും നിനക്കാതെയാണ് കട്ടപ്പന ജി എസ് ടി ഓഫീസിലേക്ക് ഡെപ്യൂട്ടി കമ്മീഷണർ ആയി പ്രമോഷൻ കിട്ടി എത്തപ്പെട്ടത്. സ്വന്തം ജില്ലയിലും തൊട്ടടുത്ത് രണ്ട് ജില്ലക്കപ്പുറവും ഉള്ള ഒഴിവിൽ പോസ്റ്റിംഗ് കിട്ടാത്തതു കൊണ്ട് പണിഷ്മെൻ്റ് പോലെ തോന്നിയതിൽ അത്ഭുതപ്പെടരുത്. അന്ന് ഇടുക്കി ജില്ലയിൽ പരിചയമുള്ള ഒരാൾ പോലും ഇല്ലെന്ന ആശങ്കയോടെ എത്തിയ എന്നെ ആ നാട് കരുണയോടെ സ്വീകരിച്ചു. നാല് കൊല്ലം മുമ്പൊരു ഏപ്രിൽ ആദ്യവാരത്തിൽ മൂന്ന് കൂട്ടുകാരെയും കൂടെ കൂട്ടി തലേദിവസം എത്തി രാപാർത്താണ് രാവിലെ കട്ടപ്പന നികുതി കോംപ്ലക്സിലെത്തി ജോയിൻ ചെയ്തത്. ജോയിൻ്റ് കമ്മീഷണർ മക്കാർ സാർ മേലധികാരിയുടെ മേലുടുപ്പൊട്ടുമില്ലാതെ ജ്യേഷ്ഠ സഹോദര സ്നേഹത്തോടെ സ്വാഗതം ചെയ്തു. അത്യാവശ്യം ചെയ്യേണ്ടവയും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തന്നു. പ്രധാനപ്പെട്ട രണ്ട് മൂന്ന് പേരെ നേരിട്ടും ഫോണിലും വിളിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. തൊട്ടടുത്തുള്ള ഡിപ്പാർട്ട്മെൻ്റ് ക്വാർട്ടേഴ്സിൽ താമസവും സൗകര്യപ്പെടുത്തിത്തന്നു.

കാശ്മീരിൽ പോയിരുന്നുവല്ലേ, എന്ന സാറിൻ്റെ ചോദ്യം എന്നെ തെല്ലൊന്നുമല്ല ഞെട്ടിച്ചത്. സർ ഫേസ് ബുക്കിൽ എന്നെ ഫോളോ ചെയ്തിരുന്നു. എൻ്റെ യാത്രാ കുറിപ്പുകളും മറ്റും വായിച്ചിരുന്നു. ഇടുക്കിയിൽ ഒരുപാട് കാഴ്ചകൾ ഉണ്ടെന്നും എല്ലാം എക്സ്പ്ലോർ ചെയ്യണമെന്നും പ്രത്യേകം ഓർമിപ്പിച്ചു. കോംപ്ലക്സിൻ്റെ രണ്ടാം നിലയിൽ ചുവപ്പ് കാർപെറ്റ് വിരിച്ച മുറിയിൽ ഏപ്രിലിലെ കുളിര് കൂടുകൂട്ടിയിരുന്നു. ആ ഓഫീസിൽ ജോയിൻ ചെയ്തപ്പോൾ ആശങ്കയില്ലായിരുന്നുവെന്ന് പറയാവതല്ല. മണി ലെൻഡിങ് നിയമങ്ങൾ ഒട്ടും പരിചയമില്ല. ഏലം പോലുള്ള മലഞ്ചരക്കുകളുടെ ക്രയവിക്രയ രീതികളും നികുതി ചുമത്തലും പഠിക്കണം. പുറമെ 10 സബ് ഒഫീസുകളുടെ മേൽനോട്ടച്ചുമതലയും. മുമ്പ് ഇരുന്ന ഡ സി സസ്പെൻഷനിലാണെന്ന വിവരവും അങ്കലാപ്പ് കൂട്ടിയിരുന്നു. സ്റ്റാഫിനെ വിളിച്ച് പരിചയപ്പെട്ട നാൾ തൊട്ട് ഓഫീസിലെ എല്ലാവരും ഔദ്യോഗികത്തിനപ്പുറത്തുള്ള പിന്തുണ നൽകി. അല്ലെങ്കിൽ എന്നോ ലീവെടുത്ത് രക്ഷപ്പെടുമായിരുന്നു.


Related Articles