വര്‍ണ്ണനകള്‍ക്കപ്പുറമാണ് രാത്രിയുടെ ഭംഗി. നഗരത്തിന്റെ ഒത്ത നടുവില്‍ നട്ടം തിരിഞ്ഞ് താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം സമാധാനമായി ഒന്ന് ഉമ്മറത്തിരിക്കാന്‍, ഒന്ന് ഉറക്കെ ചിരിക്കാന്‍ പറ്റുന്ന സമയം രാത്രിയാണ്. തൊട്ടടുത്തുള്ള കടകള്‍ എല്ലാം അടയ്ക്കുന്ന സമയം. ബസ്സ് സ്റ്റോപ്പുകള്‍ വിജനമാവും നേരം..
കുടുംബത്തെ എല്ലാവരും അവരുടെതായ വീടുകളില്‍ കയറി കൂടുന്നത് രാത്രി ഏകദേശം ഏഴ് മണിയോടെ ആണ്. തറവാട് മുറ്റത്ത് കളിച്ചും, വര്‍ത്തമാനം പറഞ്ഞും മടങ്ങുന്ന നേരം. പിന്നീട് എല്ലാവരും തമ്മില്‍ കാണുന്നത് പിറ്റേന്ന് സ്കൂള്‍ കഴിഞ്ഞ് വന്നിട്ടാണ്. ഈ എല്ലാവരും എന്ന് കേള്‍ക്കുമ്പോള്‍ ഞെട്ടണ്ട, പിതൃസഹോദരങ്ങളുടെ മക്കള്‍.. ഇപ്പോഴത്തെ ഭാഷയില്‍ പറഞ്ഞാല്‍ കസിന്‍സ്.
അവരായിരിക്കും ഒരു പക്ഷേ നമ്മുടെ പലരുടെയും ജീവിതത്തിലെ ആദ്യത്തെ സുഹൃത്തുക്കള്‍. അങ്ങനെ ഒരു ഏഴ് -ഏട്ട് പേര്.. ഭൂരിഭാഗവും പെണ്‍കുട്ടികള്‍. എന്നാല്‍ പരസ്പരം ഒരു വികൃതിക്ക് പോലും ഇടം നല്കാത്തവര്. എല്ലാവരെയും തുല്യരായി മാത്രം കണ്ടിരുന്ന ഗൃഹനാഥനായി മുത്തച്ഛനും..
