എഴുതാനിരിക്കുന്ന ആത്മകഥയുടെ ഒരു ആമുഖമാകുമോ ഇത്? ഒരു പക്ഷേ, ആയേക്കാം. ജീവിതത്തിലെ ഒരു നഷ്ടത്തില്‍ നിന്ന് അല്ലെങ്കില്‍ ഒരു നേട്ടത്തില്‍ നിന്ന് ഒക്കെയാവാം ആത്മകഥകളുടെ തുടക്കം. ഒരു നഷ്ടവും നേട്ടവും ഒരുമിച്ചായിരുന്നു എനിക്ക് വന്ന് ഭവിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച ഒരു കാര്യം ഞാന്‍ നേടി. ഗവേഷണത്തിലൂടെ ഒരു ഡോക്ടറാവുക എന്നത് ഇന്ന് വലിയകാര്യമല്ലായിരിക്കാം. പക്ഷേ, എന്നെ സംബന്ധിച്ച് അത് വലിയ കാര്യമാണ്.
'നാല്‍പ്പതുകളില്‍ ഇനിയൊരു ഡോക്ടറേറ്റ് എടുത്തിട്ട് എന്തിന്? ഇനി മക്കളുടെ കല്യാണക്കത്തില്‍ പേരുവെക്കുമ്പോള്‍ ഡോക്ടറെന്നു ചേര്‍ക്കാനാണോ..?' പരിഹാസങ്ങള്‍, കളിയാക്കലുകള്‍ ഒരുപാട് കേട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും എന്നെ തളര്‍ത്തിയില്ല. അത്തരം പരിഹാസങ്ങളൊക്കെ എന്നെ എന്നും വാശിപിടിപ്പിച്ചിട്ടേയുള്ളൂ. ഈ കളിയാക്കുന്നവര്‍ക്കറിയില്ലല്ലോ - എന്നെ. ഏതേത് ഇരുള്‍ക്കുഴികള്‍ താണ്ടിയാണ് ഞാനിവിടെ എത്തിയതെന്ന്. ഒന്നും നടക്കില്ല എന്ന് ലോകം വിധിച്ച ഒരു സന്ദര്‍ഭത്തില്‍ നിന്നാണ് എന്റെ ജനനം തന്നെ. ഒരു മരണത്തില്‍ നിന്നായിരുന്നു എന്റെ ജനനം. ജനിക്കും മുമ്പ് മരിച്ചു പോകേണ്ടിയിരുന്നവള്‍.. കാരണം ഞാന്‍ അഞ്ചാമത്തെ പെണ്ണായിരുന്നു. അമ്മയ്ക്കു പോലും വേണ്ടാത്തവള്‍.. ആ കഥകള്‍ അമ്മ തന്നെയാണ് എന്നോട് പറഞ്ഞത്.
മൂത്തകുട്ടിയായ ഏട്ടനു താഴെ നാല് പെണ്‍കുട്ടികള്‍ ഉണ്ടായി. അപ്പോഴേക്കും അമ്മയ്ക്ക് നാല്‍പ്പത് ഒക്കെ ആയി വയസ്സ്, ഇനി കുട്ടികളുണ്ടാവില്ല എന്നു തന്നെ അമ്മകരുതി. അപ്പോള്‍ ആര്‍ത്തവം ഉണ്ടായിരുന്നുമില്ല. അതുകൊണ്ടു തന്നെ വീണ്ടും ഗര്‍ഭിണിയായത് അമ്മ വൈകിയാണ് അറിഞ്ഞത്. നാല് പെണ്ണിനെ പ്രസവിച്ച അമ്മയ്ക്ക് അതും പെണ്ണാണ് എന്ന് തോന്നി. ഇനിയും ഒരു പെണ്ണിനെക്കൂടി പ്രസവിക്കാന്‍ അമ്മ ഒട്ടും ആഗ്രഹിച്ചില്ല. പല കുടുംബത്തിലും പെണ്ണ് ഭാരമാണ് ഇന്നു പോലും. അങ്ങിനെയിരിക്കെയാണ് അന്ന് അഞ്ചാമതും പെണ്ണ്. അമ്മ തന്നെക്കൊണ്ട് പറ്റുന്നപോലെ ചില നാടന്‍ വിദ്യകളൊക്കെ ചെയ്തു നോക്കി. ഗര്‍ഭം അലസിപ്പിക്കാനായി.
