കടല്‍ തൊട്ടു നില്‍ക്കുന്ന മേഘങ്ങള്‍ നോക്കി വൈകുന്നേരം ഇരിക്കാറുള്ള ചെറുപ്പകാലം ഓര്‍ത്തെടുക്കുമ്പോള്‍ ഇപ്പോഴും കടല്‍ ഭിത്തിയില്ലാത്ത വിശാലമായ കടപ്പുറം എന്നിലേക്കെത്തുന്നു. കടപ്പുറക്കാരനായ ശിശുപാലന്‍ മരക്കാനാണ് മേഘം മഴയായി പെയ്യാനെത്തും മുമ്പെയുള്ള ആണ്‍, പെണ്‍ മേഘ വരവ് വിവരിച്ചു തന്നത്.
അന്നൊക്കെ പൂഴിപ്പരപ്പില്‍ ഫുട്‌ബോള്‍ കളിക്കാനും, തിരപ്പൂഴിയിലിറങ്ങി ഞണ്ട് പിടിക്കാനും സാധിക്കുമായിരുന്നു. കടലും കടലോരവും നല്ല ലോഹ്യത്തിലായതിനാല്‍ കടലൊരിക്കലും ഇരമ്പി വന്നു കര വിഴുങ്ങിയിരുന്നില്ല. ഇന്നതൊക്കെ മാറി. കാലവര്‍ഷം അടുക്കുമ്പോഴേക്കും തിരകള്‍ പ്രക്ഷുബ്ധമാകും. കടല്‍ ഭിത്തി ഇല്ലാത്തയിടത്തു കൂടി കടല്‍ വെള്ളം കയറി കരയിലെ വീട് വെള്ളത്തിലാകും. കഷ്ടപ്പാടും പട്ടിണി നിറഞ്ഞ കാലവുമായിട്ടുള്ള ജീവിതക്ലേശങ്ങളാണ് കടലോരത്തിന് മഴക്കാലം.
മഴക്കാറ് കാണുമ്പോള്‍ പീലി വിടര്‍ത്തുന്ന മയിലിനെപ്പോലെയുള്ള കടല്‍ത്തീരത്തെ ചില ദൃശ്യങ്ങള്‍ അടിമുടി കോരിത്തരിപ്പിക്കും. ഒരാള്‍ക്ക് പ്രകൃതിയെക്കുറിച്ചു സംസാരിക്കാന്‍ കഴിയുമെങ്കില്‍ അത് പിന്നീടുള്ള ജൈവജീവിതക്രമത്തിലേക്കുള്ള ചുവട്‌വെയ്പ്പാകുന്നു. കടലിനെ വായിച്ചെടുക്കുമ്പോള്‍ ഒഴുക്കിലൂടെ ജാഥ നയിച്ചു പോകുന്ന മീനുകള്‍ തിളച്ചുമറിയുന്ന രാഷ്ട്രീയക്കൂട്ടമാകുന്നു. തോണിയും നാവികനും അര്‍ദ്ധരാത്രിയുടെ തീക്കണ്ണാകുന്നു.
