എനിക്ക് ട്രെയിന്‍ യാത്ര കേവലം ഒരു യാത്ര മാത്രമായിരുന്നില്ല. ഞാന്‍ ചെയ്യുന്ന ഓരോ യാത്രയും എനിക്കൊരു അനുഭവം എന്നതിലുപരി ഒരു അനുഭൂതിയാണ്. അത്തരത്തില്‍ എനിക്കേറെ പ്രിയപ്പെട്ടതാണ് എന്റെ ഹോസ്റ്റലിലേക്കുള്ള യാത്ര.
ട്രെയിനില്‍ കയറിയിട്ടില്ലെന്ന് പറയുമ്പോഴൊക്കെ അമ്മ ചോദിക്കും നിനക്ക് നമ്മള്‍ കോഴിക്കോട്ടേക്ക് ട്രെയ്‌ന് പോയത് ഓര്‍മ്മയില്ലേയെന്ന്. എവിടെ ഓര്‍ക്കാന്‍... ഓര്‍മ്മപോലും കിട്ടാത്ത പ്രായത്തിലായിരുന്നു ആ യാത്ര.
പറഞ്ഞിട്ടു കാര്യമില്ല. എന്റെ നാട്ടില്‍ ട്രെയിന്‍ ഓടുന്നുണ്ടാരുന്നേല്‍ ട്രെയിനും ട്രെയിന്‍ യാത്രയുമൊക്കെ ഇത്രയും വലിയ പ്രത്യേകത എനിക്ക് തോന്നുമായിരിക്കില്ല. തൊടുപുഴയില്‍ നിന്ന് ട്രെയിനില്‍ കയറണമെങ്കില്‍ ആലുവ വരെ പോകണം. അങ്ങനെ പോകേണ്ട ആവശ്യം വന്നിട്ടില്ലാത്തതുകൊണ്ട് ബസ്സില്‍ യാത്ര ചെയ്യുന്നതാണ് പതിവ്. കെ.എസ്.ആര്‍.ടിസി ബസ്സില്‍ കുലുങ്ങി കുലുങ്ങി പോവുന്നതും ട്രെയിനില്‍ യാത്ര ചെയ്യുന്നതും രണ്ട് വ്യത്യസ്ത അനുഭവമാണ്.
