ബഷീറിന്റെ അവകാശി

Memoir

ബഷീറിന്റെ അവകാശി


1982 ലെ ഒരു വൃശ്ചികപ്പുലരിയിലാണ് 'ബഷീർ ദ മാൻ' ചിത്രീകരിച്ചു തുടങ്ങിയത്. അപ്പോഴെല്ലാം എന്റെ കൈയിൽ നിശ്ചലചിത്രങ്ങൾ എടുക്കുന്ന ഒരു കാമറയും ഉണ്ടായിരുന്നു. ഭൂമിയുടെ അവകാശികളോടൊപ്പമുള്ള ബഷീറിന്റെ ഒരു ഷോട്ടിനുവേണ്ടിയാണ് എപ്പോഴും ആഗ്രഹിച്ചത്. കുറുക്കനും പാമ്പും കൂടാതെ വിചിത്രശരീരികളായ പഴുതാരകളും ഒച്ചും പൂമ്പാറ്റയും ആ വെള്ളമണൽപ്പുറത്തെ ജൈവ വൈവിധ്യക്കൂട്ടിൽ സസുഖം വസിച്ചിരുന്നു. വേലിമുറിച്ചു കടന്ന ഒരു ചേര; ഒരു കണ്ണിനുമീതെ തീപ്പൊള്ളിയ പാടുമായി കൂട്ടംതെറ്റി നട്ടുച്ചയ്ക്ക് അമ്പരന്നു മുറ്റത്ത് അന്തിച്ചുനിന്ന ഒറ്റ കുറുക്കൻ; തടിയൻ നാട്ടുമാവിന്റെ ഉയർന്ന ശിഖരത്തിൽനിന്നു വാലുപേക്ഷിച്ച് കടന്നുകളഞ്ഞ ഒരണ്ണാൻ; ഇവയോടൊപ്പം മാങ്കോസ്റ്റയിൻ ചുവട്ടിലെ ഒരു നന്ത്യാർ വട്ടത്തിന്റെ ഇലയിൽ ഒരു പച്ചത്തുള്ളൻ ഇലയെ വിഴുങ്ങുന്നതും ഞങ്ങൾ മൂവിക്യാമറയിൽ പകർത്തിയിരുന്നു.എന്നാൽ പച്ചത്തുള്ളൻദൃശ്യം മാത്രം ഡോക്യുമെന്ററിയിൽ അദ്ദേഹത്തിന്റെ മാനസിക ചികിത്സാക്കാലത്തെ ദ്യോതിപ്പിക്കാൻ ഉപയോഗിച്ചു.

അതിനിടയിൽ നിനച്ചിരിക്കാതെ ഒരു മഴ പെയ്തു. നേർത്ത വെയിലിൽ കുറുക്കന്റെ കല്യാണത്തെ ഓർമ്മിപ്പിക്കുന്ന ചാറ്റൽമഴ. വീട്ടുമുറ്റത്തെ അത് പൊടുന്നനേ തരളമാക്കി. വൃക്ഷത്തലപ്പുകൾ ഉണർന്നു. പൂച്ചെടികൾ സടകുടഞ്ഞു. മണ്ണടരുകളിൽനിന്നും കുഞ്ഞിത്തവളകളും ചെറുപ്രാണികളും ആയിരം കാലന്മാരും പുതുജലത്തിൽ നീരാടി. സപ്പോട്ട മരങ്ങൾക്കു കീഴിലെ ഇരുളിൽ തളംകെട്ടിയ മഴവെള്ളത്തിലെ ചാറ്റലിൽ ചുഴികൾ ഉതിരം മറിഞ്ഞു. തെങ്ങിൻ ചുവടുകളിൽ ഓലകളുടെ കവിളിൽനിന്നും ഒലിച്ചിറങ്ങിയ മഴവെള്ളം പുതുതാളം സൃഷ്ടിച്ചു. ബഷീർ മഴയേല്ക്കാതിരിക്കാനായി മാങ്കോസ്റ്റയിന്റെ താഴെയിട്ട ചാരുകസേരയിൽനിന്നും എഴുന്നേറ്റ് ധൃതിയിൽ വീട്ടിനകത്തേക്കു പോയി.

ഞാൻ ക്യാമറയുമായി ചാരുകസേരയുടെ മുമ്പിൽതന്നെ ഇരിക്കുകയാണ്. ലെൻസിൽ മഴയേൽക്കാതിരിക്കാൻ പാഡ് ഉയർത്തിപ്പിടിച്ചിട്ടുണ്ട്. സുലൈമാനി നിറച്ച ഫ്‌ളാസ്‌കാണ് ലെൻസിന്റെ നേരേ മുമ്പിൽ. ബഷീറിന്റെ കസേര ഒഴിഞ്ഞു കിടക്കുന്നു. പെട്ടെന്ന് വെയിൽ വന്നു. വെള്ളമണൽ നിറഞ്ഞ ആ മുറ്റത്തുനിന്നും നനവ് അപ്രത്യക്ഷമായി. വെയിൽ പൂർവ്വാധികം തിളങ്ങി. മരം പെയ്യുന്നതും നിന്നു. അപ്പോൾ ബഷീർ സിംഹാസനത്തിലേക്കു മടങ്ങി. പൊടുന്നനേ അതാ ബഷീറിന്റെ പ്രജയായ ഒരു പൂവൻകോഴി പൂഴിമണലിൽ കാലുകൾ ചിക്കി, കൊക്കും ശിരസുമുയർത്തി ചാരുകസേരയിലേക്കു ചാടി കയറുന്നു. തിരിച്ചുവന്ന ബഷീർ എനിക്കു തൊട്ടുപിറകിലാണ്. രണ്ടുപേരെയും ചേർത്തു ഫോക്കസ് ചെയ്യണമെങ്കിൽ ഞാൻ എഴുന്നേൽക്കണം. ഞാനൊന്നനങ്ങിയാൽ ഭൂമിയുടെ അവകാശി സിംഹാസനം വെടിയും. ഒരു നിമിഷം! എനിക്ക് ഇടത്തോട്ടോ, വലത്തോട്ടോ, പിറകിലോട്ടോ നോക്കാനായില്ല. നേരേ മുമ്പിലേക്കു നോക്കി മനസ്സു കൂർപ്പിച്ച് കാമറ ഫോക്കസ് ചെയ്തു.


Related Articles