ഭ്രാന്തിനെക്കുറിച്ചുള്ള ഏറ്റവും നല്ല നിരീക്ഷണം പൗലോ കൊയ്‌ലോയുടേതാണെന്ന് തോന്നിയിട്ടുണ്ട്. ഒരാൾ അവനവന്റെ മാത്രം ലോകത്തിൽ ജീവിക്കാൻ തുടങ്ങുന്നു. അല്ലെങ്കിൽ ഒരാൾ മറ്റുള്ളവരേക്കാൾ വ്യത്യസ്തരായി ജീവിക്കാൻ തുടങ്ങുന്നു. ഭ്രാന്തനും കവിയും കമിതാവും ഒരുപോലെയാണെന്നതും ഇതോടൊപ്പം ചേർത്തുവായിക്കാവുന്നതാണ്.
ഭ്രാന്തി എന്ന വിശേഷണം കിട്ടാത്ത ഒരു എഴുത്തുകാരിയും കേരളത്തിൽ ജീവിച്ചിരിപ്പുണ്ടാവില്ലെന്നാണ് എന്റെ വിശ്വാസം. പ്രൈമറി ക്ലാസ്സിൽ പഠിക്കുമ്പോൾ, മഴ നോക്കിയിരുന്ന്, ഈ മഴ തോരാതിരുന്നെങ്കിൽ എന്ന് നിഷ്‌കളങ്കമായി പറയുമ്പോൾ, കുടകൊണ്ടുവരാതെ ക്ലാസ് വരാന്തയിൽ മഴ മാറാൻ കാത്തുനിൽക്കുന്ന കുട്ടികളിൽനിന്നും കോറസ് ചോദ്യമുയർന്നു... ''അവൾക്ക് ഭ്രാന്താണോ...?''
പത്താം ക്ലാസ്സിലെ കണക്കു പരീക്ഷയുടെ തലേന്ന് സമ്മർദ്ദം മൂത്ത് മനസ്സ് ടാർപോലെ ഉരുകുമ്പോൾ, അതു മാറാൻ ''എന്നെന്നും കണ്ണേട്ടന്റെ'' എന്ന സിനിമ കാണുമ്പോൾ അമ്മ ചോദിച്ചു അതേ ചോദ്യം: ''നിനക്കു ഭ്രാന്തുണ്ടോ...?''
