ഒരു എഴുത്തുകാരന്റെ രചനകളും അതിനോടുള്ള വായനക്കാരുടെ പ്രതികരണങ്ങളും പ്രതിഫലിപ്പിക്കുന്നത് രചനയും വായനയും ഉൽപാദിപ്പിച്ച കാലങ്ങളുടെ ഗുണനിലവാരത്തെയായിക്കും. ഈ തത്ത്വം വെച്ച് മുസ്ലീംസ്‌നേഹത്തിന്റേതായ എന്റെ രചനകൾ ഉൽപാദിപ്പിച്ച പഴയ പൊന്നാനി കാലത്തേയും ആ കൃതികൾ പിന്നീട് വായിക്കപ്പെട്ട പുതിയകാലത്തേയും വിലയിരുത്താനാണ് ഇവിടെ ശ്രമം.
'ഉണ്ണ്യേ, നമുക്ക് ശ്രീകൃഷ്ണൻ ഉള്ളത് പോലെത്തന്നെയാ, ഖയ്യൂമിന് നബി. ഒരേപോലത്തെ ഭഗവാന്മാർ.'
ബുദ്ധിയുറച്ച കാലം മുതൽ അമ്മയിൽനിന്ന് ഇത്തരം വർത്തമാനങ്ങൾ കേട്ടാണ് ഞാൻ വളർന്നുവന്നിട്ടുള്ളത്. ശ്രീകൃഷ്ണൻ എന്നു പറഞ്ഞാൽ ഏറ്റവും ആവേശകരമായ ഗുരുവായൂർപ്പോക്കിന്റെ ലക്ഷ്യവും, സർവ്വാഭീഷ്ടദാതാവും, കൈകൂപ്പി നിൽക്കുമ്പോൾ അമ്മയുടെ കണ്ണിൽ നിന്ന് കുടുകുടാ മുത്തു മണികൾ തൂവിക്കുന്നവനുമാണ് എനിക്ക്. അപ്പോൾ അതേ ഔന്നത്യത്തിലാണ് കുട്ടിക്കാലം മുതൽ മുഹമ്മദ് നബിയേയും ഞാൻ പ്രതിഷ്ഠിച്ചിട്ടുള്ളതെന്നർത്ഥം. നബിയുടെ ആ മഹനീയസ്ഥാനത്തിന് പൊരുത്തപ്പെടുന്ന തരത്തിൽ തന്നെയായിരുന്നു അടുത്ത സ്‌നേഹിതൻ ഖയ്യൂമിന്റെ ബാപ്പയായ അബ്ദുള്ളാജിയും കുടുംബവും എന്നോട് പെരുമാറിപ്പോന്നതും.
