എഴുപതുകളിലെ കോളെജ് ഡയറി

Memoir

എഴുപതുകളിലെ കോളെജ് ഡയറി


സാമൂഹികജീവിതത്തിന്റെ സൂക്ഷ്മസ്ഥലികൾ ദുർഗന്ധംവമിക്കുന്ന ചളിക്കുളം കണക്കെ അസഹനീയമായിത്തീർന്നിരിക്കെ, പഴയ കാലത്തെ ബന്ധങ്ങളെയും സൗഹൃദങ്ങളെയും പുനർവായിക്കുക ജീവത്തായ ഒരു പ്രവൃത്തിയാണ്.

പി.എൻ. അഷ്‌റഫ് തലശ്ശേരി ഗവ. ബ്രണ്ണൻ കോളെജിലെ എന്റെ സുഹൃത്തും സഹപാഠിയും ആയിരുന്നു. അഷ്‌റഫ് 1974 മാർച്ച് 5-ാം തീയ്യതി മരണപ്പെട്ടു. അഷ്‌റഫിന്റെ മരണം ഒരു രക്തസാക്ഷിത്വമായിരുന്നു. 1973 നവംബർ 29-ാം തീയ്യതി എസ്.എഫ്.ഐയുടെ ഓണിയൻ ഹൈസ്‌ക്കൂൾ യൂനിറ്റ് സെക്രട്ടറി ശശിയെ ബ്രണ്ണൻ കോളെജിലെ ഹനീഫ എന്ന കെ.എസ്.യു. നേതാവിന്റെ നേതൃത്വത്തിൽ തലശ്ശേരി നഗരത്തിൽ വെച്ച് അടിച്ചു പരിക്കേല്പിച്ചിരുന്നു. തുടർന്ന് 30-11-73-നു ബ്രണ്ണനിലെ ശാന്തിവനത്തിൽ സുഹൃത്ത് രവീന്ദ്രനോടൊപ്പം ഉല്ലസിക്കുകയായിരുന്ന ഹനീഫയെ ഇ.കെ. ജനാർദ്ദനനും കെ. ദാസനും മറ്റും ചേർന്നു മർദ്ദിച്ചതായി വിവരംപരന്നു. മർദ്ദനത്തിൽ പ്രതിഷേധിച്ച് കെ.എസ്.യു. പഠിപ്പുമുടക്കി. സമരദിവസം കെ.എസ്.യു. പ്രവർത്തകരും എസ്.എഫ്.ഐ പ്രവർത്തകരും വലിയ ശക്തിപ്രകടനങ്ങൾ നടത്തി. തുടർന്ന് മലയാളം ഡിപ്പാർട്ട്‌മെന്റിനരികിൽ വെച്ച് ഉന്തും തള്ളും സംഘർഷവും ഉണ്ടാവുന്നു. സംഘർഷത്തിനിടയിൽ എ.കെ.ബാലനെ കെ.എസ്.യു നേതാവ് കെ.ടി. ജോസ് തല്ലാൻ ശ്രമിക്കുകയും കെ.എസ്.യു നേതാവുതന്നെയായ മമ്പറം ദിവാകരൻ ജോസിനെ പിടിച്ചുമാറ്റുകയും ചെയ്തു. ഒടുവിൽ സംഘർഷത്തിന് അയവുവന്നു എല്ലാ വിദ്യാർത്ഥികളും പിരിഞ്ഞുപോയി.

അതിനുശേഷം പലരും പലവഴിക്ക് തിരിച്ചു പോയി. ഞാൻ ബ്രണ്ണന് മുൻവശത്തുള്ള ദാമുവിന്റെ കടയിൽനിന്നു മോരുംവെള്ളം കുടിക്കുകയായിരുന്നു. അപ്പോൾ വീണ്ടും ചില കലപിലകളും അട്ടഹാസങ്ങളും കാമ്പസിൽനിന്നു ഉയരുന്നത് കേൾക്കാനിടയായി. അങ്ങോട്ടേക്ക് ഓടിച്ചെന്നു. പെൺകുട്ടികൾ വിശ്രമിക്കുന്ന ഓഡിറ്റോറിയത്തിന്റെ മുൻവശത്തുള്ള റോഡിലൂടെ ആയിരുന്നു ഓടിച്ചെന്നത്. അപ്പോൾ കാണുന്നത് കെ. സുധാകരനും എം. പ്രകാശനും ഒന്നുരണ്ട് അനുയായികളും ചേർന്ന് ചോരയൊലിക്കുന്ന അഷ്‌റഫിനെ താങ്ങിയെടുത്തു പുറത്തേക്കു കൊണ്ടുവരുന്നതാണ്. പിന്നാലെ മമ്പറം ദിവാകരൻ ഒരു സൈക്കിൾ ചെയിൻ ആഞ്ഞുവീശി അട്ടഹസിച്ചുകൊണ്ട് ഓടി വരുന്നുണ്ടായിരുന്നു. സൈക്കിൾ ചെയിൻ എന്റെ നേരെ ആഞ്ഞാഞ്ഞു വീശി. അസഹനീയമായ വേദനയിൽ പുളയുമ്പോൾ അഷ്‌റഫിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി തലശ്ശേരി ഭാഗത്തേക്കു കൊണ്ടുപോകുന്നതും കാണാമായിരുന്നു. ഞാൻ കൈകൾ രണ്ടും തലക്ക് പിൻവശം ചേർത്തുപിടിച്ച് അവിടെത്തന്നെ നിന്നു. ധാരാളം പെൺകുട്ടികൾ കാഴ്ചകണ്ട് ബഹളം വെക്കുന്നുണ്ടായിരുന്നു. ഒടുവിൽ ദിവാകരൻ തിരിച്ചുപോയി.


Related Articles