ഹൃദയത്തിനുമേൽ വിഷാദം വന്ന് മൂടിയ ദിനരാത്രങ്ങളിൽ ജീവിതത്തോട് വല്ലാത്തൊരു മടുപ്പു തോന്നാൻ തുടങ്ങിയപ്പോഴാണ് ഞാൻ യാത്രകളിൽ അഭയം പ്രാപിച്ചത്. വർഷങ്ങളായി പലതരം കാരണങ്ങൾക്ക് വേണ്ടി പതിവായി സഞ്ചരിച്ചിരുന്ന പരിചിതമായ വഴികളെ വിട്ട് ഒരിക്കൽ പോലും കാണാത്ത തികച്ചും അപരിചിതമായ ഇടങ്ങളിലേക്കായിരുന്നു എന്റെ പുതിയ യാത്രകൾ.
മനസിൽ പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ലാതെ ഞാൻ ചെന്നെത്തിപ്പെട്ട ഇടങ്ങളിലൊന്നും എന്നിലെ വിഷാദരോഗിയെ സ്വാന്തനിപ്പിക്കാൻ തക്കതായ ഒന്നുമുണ്ടായിരുന്നില്ല. ലോകത്തെ മുഴുവനും ഭീതിയിലാഴ്ത്തിയ വ്യാധിയുടെ കാലത്ത് വിശപ്പിനും ഭയത്തിനുമിടയിൽ വിഷാദത്തെ മായ്ച്ചുകളയാൻ ശക്തിയുള്ള ചിരിയെന്ന ദിവ്യഔഷധത്തെ പലനിറത്തിലും ആകൃതിയിലുമുള്ള മുഖാവരണങ്ങൾ കൊണ്ട് മറച്ചുപിടിച്ച് രണ്ട് മനസോടെ ജീവിക്കുന്ന മനുഷ്യരെയാണ് എല്ലായിടത്തും കാണാൻ കഴിഞ്ഞത്.
മുഖം മറച്ച മനുഷ്യർക്കിടയിൽ മുഖമില്ലാതെ കഴിച്ചുകൂട്ടിയ ദിവസങ്ങൾ ജീവിതത്തെ കൂടുതൽ മടുപ്പിക്കുന്നതല്ലാതെ സ്ഥിരമായി ഒരിടത്ത് തങ്ങാൻ തോന്നിപ്പിക്കുന്ന കാഴ്ച്ചകളും അനുഭവങ്ങളും എവിടെയുമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചിലയിടത്ത് ഒന്നുരണ്ടു ദിവസങ്ങളും ചിലയിടത്ത് ഒന്നോ രണ്ടോ മണിക്കൂറുകളും മാത്രം ചിലവിട്ട് ഞാനെന്റെ യാത്രകൾ തുടർന്നു കൊണ്ടിരുന്നു.
