വളരെ നേരത്തെയാണ് ഞാൻ ട്രെയിൻ കയറാൻ സ്റ്റേഷനിലെത്തിയത്. പതിവിലും വെയിലിന്റെ കിരണങ്ങൾക്കു ശക്തിയേറിയതായി അനുഭവപ്പെട്ടു. തിക്കിലും തിരക്കിലും അള്ളിപ്പിടിച്ചു കയറുന്നതൊരു ശീലമാണ്, അതിൽ ഞാൻ അഭിമാനം കൊള്ളാറുമുണ്ട്, പക്ഷെ ട്രാക്കിലൂടെ ആളുകൾ ട്രെയിനിലേക്ക് കയറുന്നത് കാരണം സീറ്റില്ല താനും.
ചാരി നിൽക്കാനൊരിടം കണ്ടെത്തി ചുറ്റും ഒന്ന് കണ്ണോടിച്ചു.
ഞാൻ നിൽക്കുന്നതിന്റെ തൊട്ടടുത്തായി ഒരു ഒറ്റ സീറ്റിൽ അതാ ഒരു അപ്പാപ്പൻ, വേഗത്തിൽ ഓടുന്ന ട്രെയിനിനു ഒപ്പമെത്താൻ അദ്ദേഹം അദ്ദേഹത്തിന്റെ കണ്ണുകളെ പ്രേരിപ്പിക്കുന്നുണ്ട്... പക്ഷെ കാഴച്ചകൾ അതിനൊപ്പം എത്താത്തവിധം അദ്ദേഹത്തിന്റെ മുഖത്തൊരു വിഷാദമുണ്ട്.. മംഗലാപുരം ഭാഗത്തുള്ള യേനപുയ (yenapuya) ഹോസ്പിറ്റലിൽ കാണിച്ചിട്ടുള്ള വരവാണ്, വലിയൊരു സ്കാനിങ് റിപ്പോർട്ട് തൊട്ടടുത്തായി തൂക്കിയിട്ടിട്ടുണ്ട് അതിൽ പേരും വയസ്സും സ്കാൻ എടുത്ത ശരീരഭാഗവും വ്യക്തമാണ്.
പിന്നീട് എന്റെ കണ്ണ് ചെന്നുടക്കിയത് ഇരുനിറമുള്ള, നീളത്തില്‍ സിന്ദൂരം അണിഞ്ഞ.. അതിലും നീളത്തിലുള്ള താലി അണിഞ്ഞ സ്ത്രീയിലേക്കായിരുന്നു. അമ്പലത്തിലോ മറ്റൊ പോയത് കൊണ്ടാവാം കുങ്കുമം കൊണ്ടുള്ള ചുവന്ന പൊട്ടുമുണ്ട്, അതും നെറ്റിത്തടമാകെ ഒരു രൂപ കോയിനിന്റെ വലുപ്പത്തിൽ! സത്യം പറഞ്ഞാൽ അതു തന്നെയാണ് എന്റെ ശ്രദ്ധ പതിയാനുള്ള കാരണമായതും.
