അഹമദ് കല്‍ഫാന്റെ ചിത്രസഞ്ചാരങ്ങള്‍

Memoir

അഹമദ് കല്‍ഫാന്റെ ചിത്രസഞ്ചാരങ്ങള്‍


ബുദാബി അല്‍ ഷഹാമയിലെ കോളനി സമുച്ചയം കഴിഞ്ഞയുടനേയുള്ള ബഹിയ മേല്‍പ്പാലത്തിൽ നിന്നും വലത്തോട്ടിറങ്ങിയ ഓളത്തില്‍ നിസാന്‍ പട്രോള്‍ എസ്‌യുവിയൊന്ന് ചെരിഞ്ഞു. ഞാനപ്പോള്‍ ഞെട്ടിയുണര്‍ന്നു. ആദില്‍ ഹസ്സന്‍ എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു: "ഉറക്കം കഴിഞ്ഞോ?'"

മയക്കത്തിന്റെ ജാള്യതയോടെ ഞാന്‍ പറഞ്ഞു: "നല്ല ക്ഷീണമുണ്ടായിരുന്നു..."

നമ്മളങ്ങെത്തിയിരിക്കുന്നുവെന്ന് ആദ്യത്തെ വലതുവഴിയിലേക്ക് സ്റ്റിയറിംഗ് ഒടിച്ചുകൊണ്ടയാള്‍ പിന്നെയും ചിരിച്ചു. ആദിലിങ്ങനെയാണ്. ചിരിച്ചുകൊണ്ടാണ് സംസാരം തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും. ചുണ്ടിനു മുകളില്‍ കൃത്യമായി വെട്ടിനിറുത്തിയ മീശയിലും വരച്ചുവച്ചതുപോലെയുള്ള താടിയിലും ആദിലൊരു സുന്ദരനറബിയായിരിക്കുന്നു. യൂണിഫോമിട്ടല്ലാതെ അറബിവേഷമായ കന്തൂറയും ചുവപ്പും വെളുപ്പും നിറമുള്ള കൂഫിയ്യക്കെട്ടുമായി അയാളെ ആദ്യമായി കാണുകയാണ്. പളപളായെന്ന് മിന്നുന്ന ചന്ദനനിറമുള്ള നീളന്‍ മേലുറയുടെ സുഗന്ധം ആ കാറിനെ ഒന്നാകെ ചൂഴ്ന്ന് നിറഞ്ഞിട്ടുണ്ട്.

ജനവാസമില്ലാത്ത ഒഴിഞ്ഞ പറമ്പുകളാണ് ഇരുവശത്തും. ഒറ്റയൊറ്റയായി നില്‍ക്കുന്ന ഈന്തപ്പനകളും ആര്യവേപ്പുകളുമാണ് വഴിയോരത്ത്. നേരം വെളുത്തുവരുന്നതേയുള്ളു. ദുബായില്‍ നിന്നും അഞ്ചുമണിക്ക് പുറപ്പെട്ടതാണ്. ആദില്‍ ഹസ്സനും ഞാനും ഒന്നിച്ചാണ് ജോലിചെയ്യുന്നതെങ്കിലും അയാള്‍ എഞ്ചിനീയറും ഞനൊരു ഗ്രേഡ് ത്രീ മെക്കാനിക്കും മാത്രമാണ്. അതു കമ്പനിയിലെ കാര്യമെങ്കില്‍ ഇവിടെ അയാള്‍ ഏറ്റവും അടുത്തൊരു സുഹൃത്തിനോടെന്നവണ്ണമാണ് പെരുമാറുന്നത്.


Related Articles