കാമ്പസ്, പ്രേമം, സദാചാരം തുടങ്ങിയ വാക്കുകൾ പൊതുസമൂഹത്തിലും സാമൂഹികമാധ്യമങ്ങളിലും ഔദ്യോഗിക ജീവിതത്തിലുമൊക്കെ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ദീർഘകാലം കാമ്പസ് ബന്ധമുള്ള ഒരാളെന്ന നിലയിൽ ആ അന്തരീക്ഷത്തിന്റെ പരിവർത്തനങ്ങളെ തൊട്ടറിയാൻ എനിക്കായിട്ടുണ്ട്.
എന്റെ കാമ്പസ് ജീവിതത്തിന്റെ തുടക്കം 1986 ൽ ആണ്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ പ്രീഡിഗ്രി പഠനത്തിനായി എത്തുന്നിടത്തു പരിഷ്കാരം തൊട്ടുതീണ്ടാത്ത ഗ്രാമീണ വിദ്യാലയത്തിൽനിന്നും രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന ഈ കോളജിലേക്കുള്ള വരവ് സ്വപ്നസമാനമായ അനുഭവമായിരുന്നു. വീട്ടിലെ കാര്യമാണെങ്കിൽ അഞ്ചുപേരിൽ ഇളയവളായ ഞാൻ മാത്രമാണ് കാഞ്ഞിരപ്പള്ളി കോളജിൽ പഠിക്കാൻ പോകുന്നത്. അഡ്മിഷൻ ദിവസം ചാച്ച കൂടെവന്നുവെന്നതല്ലാതെ ക്ലാസ് തുടങ്ങുന്ന ദിവസംമുതൽ പോക്കൊക്കെ തനിച്ചാണ്. വീട്ടിൽനിന്നും ആരും കോളജിലേക്ക് തിരിഞ്ഞുനോക്കാൻപോലും തയ്യാറുമല്ല. അന്ന് എല്ലാവരുടെയും കാര്യം അങ്ങനെയൊക്കെയായിരുന്നു. പ്രീഡിഗ്രിക്കു ചേർന്ന കുട്ടി മുതിർന്ന ആളെന്ന പരിഗണന നേടിയിരുന്നു (ഇന്നു ഞാൻ പഠിപ്പിക്കുന്ന വനിതാ കോളജിൽ ഡിഗ്രിക്ക് ഒന്നാം വർഷ ക്ലാസ്സുകൾ തുടങ്ങുന്ന ദിവസം അച്ഛനമ്മമാരുടെ അകമ്പടിയോടെ വരുന്ന കുട്ടികളെ കാണുമ്പോൾ ഞാൻ ആ പ്രീഡിഗ്രിക്കാലം ഓർത്തുപോകാറുണ്ട്. ജനനിബിഡമായ പ്രദേശങ്ങൾ, വാഹനസൗകര്യം, നിരവധി കമ്മ്യൂണിക്കേഷൻ സാധ്യതകൾ ഇവയെല്ലാമുള്ളപ്പോഴും മാതാപിതാക്കൾ ഉത്കണ്ഠാകുലരാണ്). വിശ്വാസം മാത്രം കൈമുതലാക്കിക്കൊണ്ട് വിജനമായ റബ്ബർതോട്ടത്തിലൂടെ കിലോമീറ്ററുകൾ നടന്ന്, വല്ലപ്പോഴും മാത്രം കൃത്യസമയത്ത് ഓടാറുള്ള ബസ്സിനെ ആശ്രയിച്ച്, ഞങ്ങളുടെ തലമുറ കോളജിൽ പഠിച്ചത് ഒരു സ്വപ്നമായിരുന്നോ എന്ന് ഇപ്പോൾ തോന്നിപ്പോകാറുണ്ട്. സമരം ഒരു സാധാരണ സംഭവമായിരുന്നതിനാൽ കോളജിനു സമയക്ലിപ്തതയും പാലിക്കാനാവുമായിരുന്നില്ല. ക്ലാസ്സു കട്ടുചെയ്ത് കുട്ടികൾ പുറത്തുപോവുന്നതിനും അന്നു വിലക്കില്ലായിരുന്നു. പൂട്ടിയിട്ട ഗേറ്റും വാച്ച്മാനുമൊന്നും അന്ന് കോളജിന്റെ ഭാഗം ആയിക്കഴിഞ്ഞിരുന്നില്ല.
കൊള്ളികൾ കുത്തിനിറച്ച തീപ്പെട്ടിപോലെയുള്ള ഒരു കൊച്ചു പ്രൈവറ്റ് ബസ്സായിരുന്നു ഞങ്ങളെ കോളജിലെത്തിച്ചിരുന്നത്. ഐ.ഡി. കാർഡൊക്കെ കിട്ടുന്നതിനുമുമ്പുതന്നെ, അതായത് കോളജിന്റെ ഒന്നാംവർഷ ക്ലാസ്സു തുടങ്ങുന്ന ദിവസംമുതൽ ബസ്സുകാർ ഞങ്ങൾക്ക് എസ്.ടി. തരുമായിരുന്നു. യു.ജി.സി. സ്കെയിൽ വരുന്നതിനു മുമ്പാണ്. അതുകൊണ്ട് അധ്യാപകരിലും നല്ല ശതമാനം ബസ്സിനെ ആശ്രയിക്കുന്നവരായിരുന്നു.
