ആയിരത്തിതൊള്ളായിരത്തി അൻപത്തേഴിനു മുൻപാണ്. അൻപത്തിയേഴിനു ശേഷമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരന്റെ ജീവിതമല്ല, അതിനുമുൻപ് ഒരു കമ്മ്യൂണിസ്റ്റാണെന്നു പറയാൻ തന്നെ ഭയപ്പെട്ടിരുന്ന കാലമായിരുന്നത്. ഒളിച്ചും, പാത്തുമൊക്കെയാണ് പാർട്ടി പ്രവർത്തനം. പല രാത്രികളിലും കമ്മ്യൂണിസ്റ്റുകാരുടെ വീടുകളിൽ പോലീസ് കയറിയിറങ്ങി. അടിയും തൊഴിയും ജയിൽവാസവുമൊക്കെയായി പല കമ്മ്യൂണിസ്റ്റുകളും രോഗികളായി.
അക്കാലത്തെങ്ങോ നാടുവിട്ട അപ്പൻ തിരിച്ചുവരുന്നത് അൻപത്തിയാറിലാണ്. പേന്റും ഷർട്ടുമൊക്കയുമിട്ടു ഇതുവരെ കാണാത്ത ഗമയിൽ സുന്ദരനായ അപ്പൻ വീട്ടിൽ വരുമ്പോൾ കമ്മ്യൂണിസ്റ്റുകളുടെ നാട്ടിലെ അവസ്ഥക്ക് വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. പണിമുടക്കും സമരവുമൊക്കെയായി നടന്നിരുന്ന അപ്പനെ ഒരാവിക്കപ്പലിലെ ജോലി തരമാക്കാമെന്നും പറഞ്ഞു ആരോ ബോംബേക്കു വിളിപ്പിച്ചതാണ്. അല്പസ്വല്പം മെക്കാനിക്ക് പണികളൊക്കെ അറിയാവുന്ന അപ്പൻ കിട്ടിയ വണ്ടിക്കു ബോംബേക്കു കയറി.
കരിപിടിച്ച മൂന്നാലു ദിവസത്തെ തീവണ്ടിയാത്രക്കുശേഷം ബോംബെയിലെത്തിയപ്പോഴേക്കും കപ്പലെപ്പഴോ ഗുജറാത്തിലെ ജാംനഗറിലേക്കു പുറപ്പെട്ടു എന്ന വാർത്തയാണ് അപ്പനറിഞ്ഞത്. അപ്പൻ നിരാശനായില്ല. മൂന്നാലുദിവസം ബോബെയിലൊക്കെ ചുറ്റിക്കറങ്ങി സാവധാനം ഗുജറാത്തിലേക്കു യാത്രയായി.
