രാത്രി മുഴുവൻ, സ്വപ്നത്തിൽ പോലും- കനത്ത മഴയായിരുന്നു. അതു തോരാൻ വൈകിയപ്പോൾ രാവിലത്തെ എഴുന്നേൽക്കലും താമസിച്ചു.
ഭക്ഷണം കഴിച്ചിട്ട് പോയാൽ പോരെ? എന്ന ചോദ്യം അവഗണിച്ച് മഴക്കോട്ടെടുത്തിട്ട് തിടുക്കത്തിൽ ഇറങ്ങാൻ നേരം എന്തോ മറന്നിട്ടുണ്ടോ എന്നു സംശയിച്ചു. പോക്കറ്റിൽ ഫോൺ ഉണ്ടെന്ന് ഉറപ്പാക്കി. ബാഗ് എടുത്തിട്ടുണ്ടല്ലോ, ഡാറ്റാ റെജിസ്റ്ററും മറ്റും അതിൽ തന്നെയല്ലേ വയ്ക്കാറ് എന്ന് സ്വയം ധൈര്യപ്പെട്ടു.
മഴയ്ക്ക് ഒരു ശമനവുമില്ല. ഇരുപതു ജീവിതങ്ങളെ കുഴിച്ചുമൂടിയ കുറാഞ്ചേരിക്കുന്നിൻ്റെ മുറിവിലേക്ക് പാളിനോക്കാൻതന്നെ ഭയം തോന്നി. മഴത്തുള്ളികളുടെ ദംശനമേറ്റു വിറയ്ക്കുന്ന കൈകൊണ്ട് വേഗത നിയന്ത്രിക്കാൻ പറ്റുന്നില്ല.
അകമലയിൽ അതിരുകവിഞ്ഞ തോട് റെയിൽപാളത്തെ ഒച്ചയിട്ട് പേടിപ്പിക്കുണ്ട്. പുഴയിലേക്ക് മൂക്കുകുത്തി നിൽക്കുന്ന പഴയ പാലത്തിനെ ഇളക്കാൻ സകല അടവും പയറ്റിക്കൊണ്ട് അക്കരെയിക്കരെ തൊട്ടുകളിക്കയാണ് നിള. ഗ്ലൗസില്ലാത്തതിനാൽ കൈകൾ മരയ്ക്കുന്നു. കൊളപ്പുള്ളിയിൽ നിന്ന് ഒരു ചായ കുടിച്ചാലോ എന്നോർത്തതാണ്. നനഞ്ഞ കോട്ടുമിട്ട് ഹോട്ടലിൽ കയറാൻ മടി തോന്നി.
