അച്ഛനാകുക.. അച്ഛനായിരിക്കുക

Memoir

അച്ഛനാകുക.. അച്ഛനായിരിക്കുക


മൂന്നാം ക്ലാസു മുതലാണ് ആദ്യമായി ഞാനച്ഛനെ കാത്തിരിക്കാൻ തുടങ്ങിയത്. അമ്മയും ഞങ്ങൾ കുട്ടികളും അമ്മയുടെ വീട്ടിലേക്ക് കോടത്തൂർക്ക് താമസമാക്കിയപ്പോൾ അച്ഛൻ ആഴ്ചയിൽ വരുന്നതും നോക്കിയിരിക്കുന്ന കുട്ടിയായി ഞാൻ. എപ്പഴാ വരുന്നത് എന്നൊന്നും അറിയില്ല. വിളിച്ചു ചോദിക്കാനോ, മെസേജയക്കാനോ പറ്റുന്ന കാലമാണോ. തിരൂരിൽ നിന്നും വരാൻ ആകെയുള്ളത് രണ്ട് ബസുകളാണ്; കോഴിക്കോട് ഗുരുവായൂർ റൂട്ടിലോടുന്ന ബാലകൃഷ്ണ, ശാസ്ത എന്നിവ. ബസ് കിട്ടിയില്ലെങ്കിൽ എങ്ങിനെ വരുമെന്ന ആവലാതിയാണ്. ഞങ്ങൾ കുട്ടികൾ നോക്കിയിരിക്കും. ചില ആഴ്ചകളിൽ വന്നില്ലെന്നും വരും. വരുമെന്നു കരുതിത്തന്നെയാണ് കാത്തിരിക്കുക. അന്നത്തെ ദിവസം സന്ധ്യയാകും വരെ നാക്കോലേന്ന് വരുന്ന വഴിയിലേക്കും നോക്കിയിരിക്കും. പിന്നെ രാത്രി ഉറങ്ങും വരെ കൊടക്കാട്ടയിലെ വീടിൻ്റെ നീണ്ട വരാന്തയിൽ വോൾട്ടേജില്ലാതെ കത്തുന്നുണ്ടോന്ന് പോലുമറിയാത്ത ബൾബിൻ്റെ അരണ്ട വെളിച്ചത്തിൽ റാന്തലും ചിമ്മിണിവിളക്കുമൊക്കെ വെച്ചിരുന്ന് വഴിയിലേക്കും നോക്കിയിരിക്കും. അടുത്തൊന്നും വീടില്ലാത്തതുകൊണ്ട് ദൂരേന്ന് തന്നെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ അറിയാം. ഓരോ ചൂട്ടിൻ്റെ വെളിച്ചവും, എവറെഡിടോർച്ചിൻ്റെ നേരിയ വെട്ടവും അന്ന് പ്രതീക്ഷയായിരുന്നു. അന്നത്തെ ആ ഇരിപ്പു കാണുമ്പോൾ ഞങ്ങളുടെ മുത്തച്ഛനൊരു നാടൻപാട്ട് പാടും. "കുന്നത്തുന്നുണ്ടോ'രു വിളക്ക് കാണുന്നു കുഞ്ഞമ്പൂൻ്റെച്ഛനോ മറ്റാരാനോ. "

അച്ഛൻ വരുമ്പോഴാണ് ബാലമാസികകൾ, പേന, പെൻസിൽ, ഫ്രൂട്ട്സ്, ബേക്കറി പലഹാരങ്ങളുമൊക്കെ കിട്ടുന്നത്. പൂമ്പാറ്റ, മുത്തശ്ശി, ബാലരമ, അമ്പിളിമാമൻ, കസ്തൂരി അമർചിത്രകഥ..... മനോരമ ഏജൻ്റ് വിജയേട്ടൻ കൊടുക്കുന്ന എല്ലാ കുട്ടികളുടെ മാഗസിനുമുണ്ടാവും. വായിച്ചു കഴിഞ്ഞാൽ വീണ്ടും വീണ്ടും അതേ പുസ്തകം തന്നെ വായിച്ച് ഞാനൊരാഴ്ച കഴിക്കും. പുത്തൻതെരുവിൽ അന്ന് ഗൾഫ്കാരാണ് കൂടുതൽ. നാട്ടിൽ വരുമ്പോൾ ഒരു പേനയെങ്കിലും അച്ഛനാരും കൊടുക്കാതിരിക്കില്ല. ഹീറോയും പാർക്കറുമായി പേനയുടെ നല്ലൊരു ശേഖരം തന്നെ അച്ഛനുണ്ടായിരുന്നു. പേന കൊണ്ടെഴുതുന്നത് യു പി ക്ലാസിലായ ഞാൻ മാത്രമാണ്. എനിക്ക് പേനയും അതിലൊഴിക്കാൻ ചെൽപാർക്ക് മഷിയുമുണ്ടാവും. ഒരാഴ്ചക്കുള്ള ശർക്ക മുട്ടായിയും, ഓറഞ്ച് മുറിച്ച് അതിലുപ്പും മുളകും ഇട്ടതും, നിലക്കടലക്ക് കളറടിച്ച മുട്ടായിയും, കോലൈസുമൊക്കെ വാങ്ങാനുള്ള ചില്ലറ പൈസയും അച്ഛൻ തന്നിട്ടാണ് മടങ്ങുക. യൂറിക്കാമാമന് കത്തെഴുതാനും , അന്നത്തെ വല്യ സന്തോഷമായ പൂമ്പാറ്റയിലേക്ക് നെയിംസ്ലിപ്പിനെഴുതാനുമൊക്കെയുള്ള സ്റ്റാമ്പിനുള്ള പൈസയും അതിൽ നിന്നൊപ്പിക്കും.


Related Articles