മരണത്തിന്റെ ശീലുകൾ

Memoir

മരണത്തിന്റെ ശീലുകൾ


ഞാൻ എങ്ങനെ കഥാകാരനായി? എനിക്കുതന്നെ അറിയില്ല. അതൊരു നിയോഗം മാത്രമായിരിക്കാം. ഞാൻ ആദ്യം എഴുതിയ കഥ മരണത്തെക്കുറിച്ചായിരുന്നു. മരണം എപ്പോഴും എന്റെ ജീവിതത്തിലെ നിത്യബന്ധുവായിരുന്നു. മരണത്തിന്റെ ശീലുകൾ തലയ്ക്കു ചുറ്റും ഒരു കൊതുക് മൂളുംപോലെ അസഹ്യപ്പെടുത്തുന്ന ഓർമ്മയായി മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. "തള്ളയില്ലാത്ത കൊച്ചാ’ ആളുകൾ കൂടക്കൂടെ പറയുമ്പോൾ മരണം അടുത്തുനിന്നു ചിരിക്കുന്നത് മനസ്സിലാക്കാനുള്ള പ്രായവും ബോധവും അന്നുണ്ടായിരുന്നില്ല.

പ്രസവത്തോടെ മരിച്ചുപോയ അമ്മ​യെ കുളിപ്പിച്ച് ശവപ്പെട്ടിയിൽ കിടത്തിയിരിക്കുമ്പോൾ, കുഞ്ഞനിയൻ അകത്ത് തൊള്ളകീറിക്കരയുമ്പോൾ, മരണം ഒരു മൃദുമന്ദഹാസവുമായി അന്നേ കൂട്ടുകാര​നെപ്പോ​ലെ അടുത്തു നില്ക്കുന്നുണ്ടായിരുന്നു.

ശവപ്പെട്ടിക്കരികിലിരുന്ന് കരയു​ന്ന വെളമാമ്മായിയുടെ മടിയിൽനിന്നും ഊർന്നിറങ്ങിപ്പോയി, എറക്കാ​യിലെ പൂഴിമണ്ണിൽ കുഴിയാനയുണ്ടോയെന്നു നോക്കാനുള്ള എന്റെ അന്വേഷണത്തെ അമ്മായി നെഞ്ചി​ൽ ചേർത്ത് അമർത്തിപ്പിടിച്ചു. സെമി​ത്തേരിയിലേക്ക് അമ്മയെ കൊണ്ടുപോകുംവരെ, മരിച്ച അമ്മയുടെ തൊട്ടരി​കിൽ അമ്മായി എന്നെ ബലമായി പിടിച്ചിരുത്തി.


Related Articles